ചൊവ്വാ തുലാം രാശിയിലേക്ക്.. ആർക്കൊക്കെ അനുകൂല ഫലങ്ങൾ?

ചൊവ്വാ തുലാം രാശിയിലേക്ക്.. ആർക്കൊക്കെ അനുകൂല ഫലങ്ങൾ?

Share this Post

2023 ഒക്ടോബർ മൂന്നാം തീയതി മുതൽ കുജ ഗ്രഹം (ചൊവ്വ) കന്നി രാശിയിൽ നിന്നും തുലാം രാശിയിലേക്ക് മാറുകയാണ്. അടുത്ത നവംബർ 16 വരെ 44 ദിവസം ഈ രാശിയിൽ തുടരും.

ചൊവ്വയുടെ ഈ മാറ്റം ചില രാശിക്കാർക്ക് നന്മയും ചിലർക്ക് ദോഷവും വരുത്തിയേക്കാം. എങ്കിലും ഒരാളുടെ നക്ഷത്ര ദശാപഹാര ഫലങ്ങളും മറ്റു ഗ്രഹങ്ങളുടെ ചാര ഫലങ്ങളും ഒക്കെയും ആ വ്യക്തിയെ സംയുക്തമായി ബാധിക്കുന്നതാണ് എന്ന് അറിയണം.

സുബ്രഹ്മണ്യൻ, ഭദ്രകാളി എന്നീ ദേവതകൾക്കു യഥാശക്തി വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുന്നത് ദോഷ കാഠിന്യം കുറയ്ക്കും.

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)

തൊഴിൽ സ്ഥലത്തു സഹപ്രവർത്തകർ, അധികാരികൾ മുതലായവരുമായി അഭിപ്രായ വ്യത്യാസം വരാൻ ഇടയുള്ളതിനാൽ സംയമനം പാലിക്കുന്നത് ഗുണം ചെയ്യും. എന്നാൽ വരുമാനത്തിന്റെ അനുകൂല്യങ്ങളിലോ കാര്യമായ നഷ്ടം വരികയില്ല. കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടമാക്കാനുള്ള അവസരം ലഭിക്കുകയും മാന്യമായ പ്രതിഫലം ലഭിക്കുകയും ചെയ്യും. കുടുംബ ബന്ധങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ തയാറാവണം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)

തൊഴിൽ രംഗത്തു നേട്ടങ്ങൾ ഉണ്ടാകും. വ്യക്തി ബന്ധങ്ങളിൽ ചെറിയ വിഷമതകൾ വരാവുന്നതാണ്. കുടുംബപരമായും ദാമ്പത്യ പരമായും മന സമ്മർദം വർധിച്ചെന്നു വരാം. ക്ഷമയും സഹിഷ്ണുതയും പുലർത്തിയാൽ വലിയ ദോഷങ്ങൾ ഒഴിവാകും. യാത്രകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഭാഗ്യവും ദൈവാധീനവും വർധിക്കും. സമൂഹത്തിൽ അംഗീകരിക്കപ്പെടും. സാമ്പത്തിക ക്ലേശങ്ങൾക്ക് ശമനം ഉണ്ടാകും. ആരോഗ്യക്ലേശങ്ങൾ അകലും. ബന്ധു ജനങ്ങളുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ വരാൻ ഇടയുണ്ട്. സുഹൃത്തുക്കൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. ഉന്നത വ്യക്തികളെ പരിചയപ്പെടാൻ അവസരം ലഭിക്കും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

വരുമാനത്തിൽ ഉയർച്ച താഴ്ചകൾ വരാവുന്നതാണ്. ചിലവുകൾ നിയന്ത്രിക്കാൻ ശ്രമിച്ചില്ലെങ്കിൽ കടം വാങ്ങേണ്ട സാഹചര്യം ഉണ്ടാകും. ജോലിയിൽ സ്ഥാനമാനവും അംഗീകാരവും വർധിക്കും. സുപ്രധാന തീരുമാനങ്ങൾ വളരെ ആലോചനയുടെ മാത്രം കൈക്കൊള്ളുക. ഭാഗ്യ പരീക്ഷണവും ഊഹ കച്ചവടവും നഷ്ടം ചെയ്യും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

തടസ്സപ്പെട്ട പല കാര്യങ്ങളും നേടിയെടുക്കാൻ പറ്റുന്ന അവസരമാണ്. കുടുംബത്തിൽ മംഗളകരമായ സാഹചര്യം നിലനിൽക്കും. സാമ്പത്തിക നില തൃപ്തികരമാകും. രോഗങ്ങൾക്ക് ശമനം ഉണ്ടാകും. പൊതുരംഗത്ത് അംഗീകാരം വർധിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കാനും കഴിയും.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

മന സമ്മർദ്ദം ഉണ്ടാക്കിയിരുന്ന ചില ചിന്താക്കുഴപ്പങ്ങൾക്ക് ഉചിതമായ തീരുമാനങ്ങൾ എടുക്കും. വാക്കുകൾ തെറ്റിദ്ധരിക്കപെടാൻ ഇടയുള്ളതിനാൽ ആശയ വിനിമയത്തിൽ ശ്രദ്ധ വേണം. കുടുംബ ബന്ധങ്ങൾ സുദൃഢമാകും. പിണങ്ങി നിന്നിരുന്നവർ അടുത്ത് വരും. തടസ്സങ്ങൾ വന്നാലും അവയെ അതിജീവിക്കുവാൻ കഴിയുന്നത് ആശ്വാസമാകും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

പ്രധാന ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമ്പോൾ കരുതൽ പുലർത്തണം. അപവാദങ്ങൾ കേൾക്കാൻ ഇടയുണ്ട്. തീരുമാനങ്ങൾ എടുക്കുന്നതിൽ കാലതാമസം നേരിടും. കോപം നിയന്ത്രിക്കണം. എടുത്തു ചാടിയുള്ള തീരുമാനങ്ങൾ ഈ സമയം വലിയ ദോഷങ്ങൾ ചെയ്യും. ക്ഷമയോടെ പ്രവർത്തിച്ചാൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ചതി, വഞ്ചന മുതലായവയില്‍ അകപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വളരെ അധികം കരുതല്‍ പുലര്‍ത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിഷയത്തില്‍ ഉപരി പഠനം സാധ്യമാകും. മേലധികാരികളോട് ആനാവശ്യ തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നത് മൂലം മനോവൈഷമ്യത്തിന് കാരണമായേക്കാം. പ്രായോഗിക ബുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ പല കാര്യങ്ങളും വിജയകരമാക്കുവാന്‍ കഴിയുന്ന സമയമാണ്.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും പ്രോത്സാഹജനകമായ സമീപനം ഉണ്ടാകും. ഭാവിയെ കരുതി ദീര്‍ഘകാല നിക്ഷേപങ്ങളില്‍ പണം മുടക്കുവാന്‍ തീരുമാനിക്കും. കുടുംബത്തില്‍ ദാമ്പത്യ സുഖവും ബന്ധു ജന സമാഗമവും പ്രതീക്ഷിക്കാവുന്ന സമയമാണ്. സർക്കാർ – കോടതി കാര്യങ്ങൾ അനുകൂലമായി ഭവിക്കും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ചിലവുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതില്‍ ആകാംക്ഷ തോന്നും. ദാമ്പത്യ കാര്യങ്ങളില്‍ അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി വിദ്യാഭ്യാസ കാര്യങ്ങളില്‍ ആഗ്രഹ സാധ്യം ഉണ്ടാകും. വിദേശ യാത്രയ്ക്ക് തടസങ്ങള്‍ നേരിടാന്‍ ഇടയുണ്ട്.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും അന്തിമ വിജയം സ്വന്തമാക്കാന്‍ കഴിയും. അടുത്ത ബന്ധു ജനങ്ങളുടെ വിവാഹാദി മംഗള കാര്യങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാകും. ഭൂമി സംബന്ധമായ ഇടപാടുകളില്‍ ഉണ്ടായിരുന്ന തടസങ്ങള്‍ പരിഹരിക്കപ്പെടും. നിയമപരമായ കാര്യങ്ങളില്‍ അനുകൂലമായ സാഹചര്യങ്ങള്‍ സംജാതമാകും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ചുമതലകളും അധ്വാന ഭാരവും വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് തൊഴില്‍ മാറ്റം ലഭിക്കാന്‍ ഇടയുണ്ട്. സുഹൃത്ത് വലയത്തില്‍ സര്‍വരുടെയും ആദരവിന് പാത്രമാകും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. മാതാപിതാക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാന്‍ ഇടയുള്ള സമയമാണ്. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹ സാധ്യം വരാണ് സാധ്യത കൂടുതലാണ്. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക നിഷ്കർഷ പുലർത്തണം.


Share this Post
Astrology Predictions