വീടുകളിൽ പൂജവയ്‌ക്കേണ്ട വിധി
ക്ഷേത്രത്തിലെന്ന പോലെ വീടുകളിലും പൂജവയ്കാറുണ്ട്. പൂജാമുറിയിലോ ശുദ്ധമായി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തോ പൂജവയ്കാവുന്നതാണ്. പൂജവയ്കാനുദ്ദേശിച്ച സ്ഥലത്തെ തളിച്ചു ശുദ്ധിയാക്കി ഒരു പീഠത്തിൽ വെളുത്തവസ്ത്രമോ പട്ടമോ വിരിച്ച് സരസ്വതീ ദേവിയുടെ ചിത്രമോ വിഗ്രഹമോ സ്ഥാപിക്കുക. ഒന്നോ മൂന്നോ അഞ്ചോ നിലവിളക്കുകൾ സ്ഥാപിക്കാം, നിലവിളക്കിൽനെയ്യ് ഒഴിച്ച് നാല് ദിക്കുകളിലേക്കും വടക്കുകിഴക്കേ മൂലയിലേക്കും തിരിയിട്ട് അഞ്ച് തിരി കത്തിക്കുന്നതാണ് ഉത്തമം. പൂജവയ്കുന്നതുമുതൽ പൂജയെടുക്കുന്നതുവരെ വിളക്കുകൾ അണയാതെ കത്തിച്ചു വയ്ക്കണമെന്നാണ് വിധി. ഒരു നിലവിളക്കെങ്കിലും അണയാതെ മുഴുവൻ സമയവും കത്തിച്ചുവയ്കാൻ ശ്രദ്ധിക്കുക.
ദേവിയുടെ വിഗ്രഹം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദർശനത്തിനായി സ്ഥാപിക്കാം. ശുഭകാര്യത്തിനു ഏതിനും ഗണപതിയെ ആണ് പൂജിക്കുക. അതിനാൽ ഗണപതിയെ സങ്കല്പിച്ച് നിലവിളക്കിനുമുന്നിൽ തൂശനിലവച്ച് ഗണപതി നിവേദ്യം വയ്കുക. അവൽ, മലര്, ശര്ക്കര, കല്ക്കണ്ടം, വിവിധഫലമൂലാധികൾ എന്നിങ്ങനെ ഭക്ഷണപ്രിയനും വിദ്യാപ്രദായകനും വിഘ്നനിവാരകനുമായ ഗണപതിയ്ക് നിവേദ്യം ഏത്ര അളവിലും ആകാം. സരസ്വതീ ദേവിയ്ക് ത്രിമധുരം നേദിക്കാവുന്നതാണ്. കദളിപ്പഴം, പഞ്ചസാര, തേൻ എന്നിവ ചേര്ന്നതാണ് ത്രിമധുരം.
പൂജയ്ക് കര്പൂരം, സാബ്രാണി, ചന്ദനം എന്നിവയും ആവശ്യമാണ്.. അധികം നിറമുള്ള അധികം സുഗന്ധമുള്ളവയും സരസ്വതീ പൂജയ്ക് ഉപയോഗിക്കാറില്ല.. നന്ദ്യാർവട്ടം, ചെത്തി, തുളസി, മന്ദാരം താമര അരളി തുടങ്ങിയ പൂക്കളാണ് ഉത്തമമായി പറയുന്നത്. പൂജ നടത്തുന്നയാൾ കുളിച്ച് ശുദ്ധമായ വസ്ത്രം ധരച്ചു ഭസ്മചന്ദനാദികൾ ധാരണം ചെയ്ത് ശുദ്ധഹൃദയത്തോടുകൂടി ദേവിയെ ചിന്തിച്ചു വേണം പൂജനടത്തുവാൻ.
ദേവിയ്ക് അഭിമുഖമായി ആവണപലകയിൽ ഇടതുവശത്തേയ്ക് അല്പം മാറി വേണം ഇരിക്കാൻ.. ആദ്യം മാതാപിതാക്കളേയും ദേശപരദേവതയേയും കുലപരദേവതമാരേയും ധ്യാനിച്ച് അനുഗ്രഹം നേടിയ ശേഷം ഗുരുവിനേയും ഗണപതിയേയും വേദവ്യാസനേയും ദക്ഷിണാമൂര്ത്തിയേയും ധ്യാനിച്ച് അതാതു ദേവതകളുടെ മൂലമന്ത്രം ഒരു നിശ്ചിത ആവൃത്തി ജപിക്കുക.
ഗുരുധ്യാനം ചെയ്ത് ഓം ഗും ഗുരുഭ്യോ നമഃ എന്ന ഗുരുമൂലമന്ത്രം ജപിക്കുക. ഗണേശസ്തുതിയ്ക് ശേഷം ഗണപതിയുടെ മൂലമന്ത്രമായ ഓം ഗം ഗണപതയെ നമഃ എന്ന അഷ്ടാക്ഷരി ജപിക്കുക.. വേദവ്യാസമഹര്ഷിയെ ധ്യാനിച്ച് വേദവ്യാസമന്ത്രമായ ഓം വ്യാം വേദവ്യാസായ നമഃ എന്ന് ജപിക്കുക.. വേദവ്യാസദ്വാദശാക്ഷരമന്ത്രമായ ഓം ശ്രീം ഐം ക്ലീം സൌഃ വേദവ്യാസായ നമഃ എന്ന മന്ത്രജപത്തോടെ വ്യാസനെ വന്ദിക്കുക. ദക്ഷിണാമൂര്ത്തി ധ്യാനത്തിനുശേഷം ഓം ദം ദക്ഷിണാമൂര്ത്തയെ നമഃ എന്ന മൂലമന്ത്രവും, ഓം നമോ ഭഗവതേ ദക്ഷിണാമൂര്ത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ എന്ന മന്ത്രവും ജപിച്ച് ദക്ഷിണാമൂര്ത്തിയെ വന്ദിക്കുക. തുടർന്ന് സരസ്വതീ ദേവിയെ ധ്യാനിച്ച് ദേവീ മൂലമന്ത്രമായ ഓം സം സരസ്വത്യൈ നമഃ, നവാക്ഷരീ മന്ത്രമായ ഓം ഐം സം സരസ്വത്യൈഃ നമഃ ഏകാക്ഷരീ മന്ത്രമായ ഓം ഐം നമഃ തുടങ്ങിയ മന്ത്രങ്ങളും ഉരുക്കഴിക്കാവുന്നതാണ്.. എല്ലാ മന്ത്രങ്ങളും 108 തവണയെങ്കിലും ജപിക്കുന്നതാണ് ഉത്തമം.. സാധിക്കുമെങ്കിൽ സരത്വത്യഷ്ടോത്തരശതനാമസ്തോത്രം, സഹസ്രനാമസ്തോത്രം മുതലയാവ ജപിച്ച് ദേവിയെ വെളുത്ത പുഷ്പങ്ങളാലും ധൂപദീപങ്ങളാലും പൂജിക്കുക. തുടര്ന്ന് ത്രിമധുരം തുടങ്ങിയ നിവേദ്യവസ്തുക്കൾ ദേവിയ്ക് സമര്പിക്കുക. പൂജാവിധികൾ അറിയുന്നവർ അതിനനുസരിച്ച് നടത്തുക.. സാധാരണക്കാരായ ഭക്തർ ദേവിക്ക് നിവേദ്യം സമര്പ്പിക്കുന്നു എന്നു സങ്കല്പിച്ച് ഒരു പൂവ് നൈവേദ്യത്തിൽ സമര്പ്പിക്കുക. തുടര്ന്ന് ദീപാരതി, കര്പൂരാരതി, തുടങ്ങിയവ നടത്തുക കഴിയുന്നിടത്തോളം ദേവീ മന്ത്രങ്ങൾ ജപിക്കുവാൻ ശ്രമിക്കുക..
സാധാരണ രീതിയിൽപുസ്തകപൂജാമന്ത്രമായി പുസ്തകേഭ്യോ നമഃ എന്നും, ഓം ലേഖിന്യൈ നമഃ എന്ന് തൂലികാ മന്ത്രവും ഉരുക്കഴിക്കുന്നതു കാണാറുണ്ട്.
ഇപ്രകാരം തന്നെ ഗുരു, ഗണപതി, വേദവ്യാസ, ദക്ഷിണാമൂര്ത്തി സരസ്വതിമാരെോ ദുര്ഗാഷ്ടമി സന്ധ്യക്കും മഹാനവമി പ്രഭാതത്തിലും സന്ധ്യക്കും, വിജയദശമി പ്രഭാതത്തിലും പൂജിക്കേണ്ടതാണ്. ഏകാഗ്രതയോടു കൂടി പൂജകൾ ചെയ്യുക. മന്ത്രം പിഴയ്കാതെയും മുറിയാതേയും ശ്രദ്ധിക്കുക. വേഗത്തിൽ ജപിക്കരുത്, ശുദ്ധഹൃദയത്തോടും ശുഭ്രവസ്ത്രത്തോടും കൂടി വേണം പൂജകളും ജപവും ചെയ്യേണ്ടത്.. ഈ മൂന്നു ദിവസം മത്സ്യമാംസാദികൾ വെടിഞ്ഞ് ലഘുഭക്ഷണം കഴിച്ച് പകലുറങ്ങാതെ ബ്രഹ്മചര്യാദി നിഷ്ഠകൾ പാലിച്ച് സാധിക്കുമെങ്കിൽ ക്ഷേത്രദര്ശനും കൂടി നടത്താൻ ശ്രമിക്കുക (സരസ്വതീ സാധന കൂടുതൽ അറിയാൻ ശാരദാതിലകം നോക്കുന്നത് നല്ലതായിരിക്കും).
വിജയദശമി നാളിൽ വെളുപ്പിന് ദേവിയുടെ പൂജകൾക്കും ജപത്തിനും ശേഷം പൂജയെടുത്ത് അരിയിലോ മണലിലോ ഹരിശ്രീ എഴുതി വിദ്യാരംഭം കുറിക്കുക. അക്ഷരമാല മുഴുവനായി എഴുതിവേണം വിദ്യാരംഭം കുറിക്കാൻ..
വിദ്യാരംഭം
ഒരു ശിശുവിന്റെ അറിവു നേടാനുള്ള മാധ്യമമായ അക്ഷരങ്ങളുടെ ലോകത്തിലേക്ക് ആനയിക്കപ്പെടുന്ന ചടങ്ങാണ് വിദ്യാരംഭം. വിദ്യാരംഭം മൂന്നാം വയസ്സിലോ അഞ്ചാം വയസ്സിലോ നടത്താം, വിഷമസംഖ്യാ വയസ്സിലാകണം വിദ്യാരംഭം കുറിക്കേണ്ടത് എന്ന് മാധാവാചാര്യർ പറയുന്നു. വിദ്യാരംഭം എന്നത് അക്ഷരാരംഭം മാത്രമല്ല ശ്രീവിദ്യാമന്ത്രഗ്രഹണത്തിന്റെ പ്രഥമപടി കൂടിയാണ്..ദേവിയുടെ ശരീരമാണ് അക്ഷരങ്ങൾ..അതിനാൽ വിദ്യാരംഭത്തിൽ ഹരിശ്രീകുറിച്ച് ശേഷം ആചാര്യൻ അക്ഷരമാല സമ്പൂര്ണമായി കുട്ടിയെകൊണ്ട് എഴുതിപ്പിക്കുകയും പറയിപ്പിക്കുകയും ചെയ്യേണ്ടതാണ്.. വശിന്യാദി വാഗ്ദേവതമാരുടെ നായികയായ ലളിതാ മഹാത്രിപുരസുന്ദരി പ്രസാദത്തിന് കാരണമാകുന്നതുകൊണ്ട് വിദ്യാരംഭം കഴിഞ്ഞാൽ കുട്ടികളെ കൊണ്ട് മാതാപിതാക്കൾ അക്ഷരമാല ചൊല്ലിപ്പിക്കുക.
ദുര്ഗാഷ്ടമീ നാളിൽ പ്രഭാതത്തിൽ ഹംസവാഹിനീ മന്ത്രവും, ഉച്ചയ്ക്ക് വിശ്വരൂപാ മന്ത്രവും, സന്ധ്യയ്ക് സുരനായികാ മന്ത്രവും, മഹാനവമീ നാളിൽ പ്രഭാതത്തിൽ വാഗ്വാദിനീ മന്ത്രവും ഉച്ഛയ്ക് സൌഭാഗ്യരൂപിണീമന്ത്രവും വൈകീട്ട് സമൃദ്ധിമന്ത്രവും വിജയദശമി നാളിൽ രാവിലെ വിദ്യാമന്ത്രവും ഇവയോടൊപ്പം നവാക്ഷരീമന്ത്രവും 108 ഉരുക്കഴിക്കുന്നതാണ് സരസ്വതീജപം എന്ന് പറയുന്നത്.
വിദ്യാരംഭത്തിൽ എഴുതുന്ന അരി തവിടു നീക്കിയതാണ് തവിട് അസത്യത്തേയും തവിടു നീക്കിയ അരി സത്യദര്ശനത്തേയും സൂചിപ്പിക്കുന്നു.. വിദ്യാരംഭത്തിലെ നിലവിളക്ക് ഹോമത്തിന്റെ അഗ്നിയുടെ പരിശുദ്ധിയുടെ പ്രതീകമാണ്. അഗ്നി അതിൽ വീഴുന്ന സകലതിനേയും പരിശുദ്ധമാക്കുന്നു അതുപോലെ ജ്ഞാനത്താൽ പരിശുദ്ധനാകണമെന്നും ജ്ഞാനം അഗ്നിക്കു സമമാണെന്നും പ്രകാശത്തിലേക്കു നയിക്കുന്നതാണെന്നും സൂചിപ്പിക്കുന്നതാണ് നിലവിളക്കും അതിനെ നാളങ്ങളും. ഇപ്രകാരം സകതത്ത്വസ്വരൂപമായ വിദ്യാരംഭം എന്നത് ഭാരതീയപൈതൃകത്തിലെ മഹത്തായ സങ്കല്പമാണ് എന്ന് കാണാം…അതുകൊണ്ട് തന്നെ ശുദ്ധസത്വരൂപനും ജ്ഞാനിയും തപസ്വിയുമായ ഗുരുവിനെ തന്നെ വിദ്യാരംഭത്തിന് തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക.