തുലാത്തിലെ ആയില്യം നവംബർ 06  ന്. ഇങ്ങനെ വ്രതം നോറ്റാൽ അതീവപുണ്യം..

തുലാത്തിലെ ആയില്യം നവംബർ 06 ന്. ഇങ്ങനെ വ്രതം നോറ്റാൽ അതീവപുണ്യം..

സർപ്പദോഷങ്ങൾ അകറ്റുന്നതിനുള്ള അനുഷ്ടാനങ്ങളും വഴിപാടുകളും നടത്താൻ എല്ലാ മാസത്തെയും ആയില്യം പ്രധാനമാണെങ്കിലും കന്നിയിലെയും, തുലാത്തിലെയും ആയില്യം ഏറ്റവും ഉത്തമമാണ്. കന്നിയിലെ ആയില്യം നാഗരാജ ജയന്തി ദിനം ആയതിനാൽ എല്ലാ നാഗക്ഷേത്രങ്ങളിലും അതി വിശേഷമാണ്. കന്നിമാസ ആയില്യം കേരളത്തിൽ വെട്ടിക്കോട്ട് ആയില്യം എന്ന പേരിലും തുലാമാസ ആയില്യം മണ്ണാറശാല ആയില്യം എന്ന പേരിലും പ്രശസ്തമാണ്. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഈ ദിവസം ദർശനം നടത്തി ആയില്യ പൂജ നടത്തുന്നതും നൂറും പാലും സമർപ്പിക്കുന്നതും മഞ്ഞൾപ്പൊടി അഭിഷേകം ചെയ്യുന്നതും നാഗ ദോഷങ്ങൾ ഒഴിയാൻ നല്ലതാണ്. തുലാമാസ ആയില്യ ദിനത്തിൽ വ്രതമെടുത്ത് ആയില്യ പൂജ നടത്തിയാൽ നിങ്ങളുടെയും സന്തതികളുടെയും കുടുംബത്തിന്റെയും എല്ലാ നാഗദോഷങ്ങളും അതോടെ അവസാനിക്കും. ആയില്യത്തിന്റെ തലേന്ന് മുതൽ വ്രതം തുടങ്ങണം. സാധാരണ വ്രതനിഷ്ഠകൾ പാലിക്കണം. ആയില്യത്തിന്റെ പിറ്റേന്ന് ശിവ ക്ഷേത്രത്തിലെ തീർത്ഥം സേവിച്ച് പാരണ വീടാം.

വ്രതമെടുക്കുന്നവർ ഓം നമ : ശിവായ പഞ്ചാക്ഷര മന്ത്രവും ഓം നമ : കാമരൂപിണേ നാഗരാജായ മഹാബലായ സ്വാഹാ എന്ന നാഗരാജ മന്ത്രവും കുറഞ്ഞത് 108 തവണ ജപിക്കണം. 2023 നവംബർ 06 തിങ്കളാഴ്ചയാണ് ഇത്തവണ തുലാമാസ ആയില്യം.

ഭൂമിയുടെ അധിപതി ആയതിനാൽ മനുഷ്യരാശിയുടെ കുലദേവതയായി കരുതിയാണ് നാഗങ്ങളെ ആരാധിക്കുന്നത്. നവഗ്രഹങ്ങളിൽ രാഹു കേതുക്കൾക്കാണ് സർപ്പദൈവങ്ങളുടെ ആധിപത്യം.
ജാതകത്തിൽ എന്തെല്ലാം നല്ല യോഗങ്ങൾ ഉണ്ടായാലും അതിന്റെഎല്ലാം അനുഭവഗുണം തടയുന്നത്തിൽ രാഹുകേതുക്കളുടെ അപ്രീതി ഒരു പ്രധാന ഘടകമാണ്. അവരുടെ അനുകൂല സ്ഥിതി മൂലം ചില ദുര്യോഗങ്ങൾ പോലും അനുഭവത്തിൽ വരാതെയും ഇരിക്കുന്ന സാഹചര്യങ്ങളുണ്ട്.

സർപ്പ ദോഷലക്ഷണങ്ങൾ നിരവധിയുണ്ട്. അനപത്യം ,ത്വക്‌രോഗങ്ങൾ, മാനസിക വിഭ്രാന്തികൾ, ഉദര-നാഡീ സംബന്ധമായ രോഗങ്ങൾ, കട ബാധ്യതകൾ, സന്താനദു:ഖം, എന്നിവ സംഭവിക്കാം. ജാതകത്തിലെ 3,11 ഭാവങ്ങളൊഴികെ എവിടെ രാഹുകേതുക്കൾ വന്നാലും സർപ്പദോഷം പറയാം. ഇത് അതത് ഭാവത്തെക്കൊണ്ടുള്ള ഗുണം കുറയ്ക്കും. സാമ്പത്തിക ക്ലേശം, കുടുംബബന്ധങ്ങളിൽ തകർച്ച, മന:സംഘർഷം, വിവാഹതട‌സം, ദാമ്പത്യ ക്ലേശം, ഭൂമിദോഷം, വ്യവഹാര ക്ലേശം , ഇങ്ങനെ ജാതകത്തിലെ ഒരോ ഭാവവുമായി ബന്ധപ്പെട്ട കഷ്ടതകൾ കാരണം വൈഷമ്യങ്ങൾ വരാം.

കേതു അനിഷ്ടത്തിലായാൽ പാരമ്പര്യ സ്വത്ത് അനുഭവത്തിൽ വരാതെയിരിക്കും. കുടുംബ-കുല സംബന്ധമായ വഞ്ചനയ്ക്ക് ഇരയാകും. സാമ്പത്തിക നഷ്ടം. ചൂതു കളി, വാതു വയ്പ് തുടങ്ങിയവയിൽ താത്പര്യം, യാത്രകൾ വഴി നഷ്ടം, മുറിവ്, ചതവ്, ക്ഷതങ്ങൾ എന്നിവയുണ്ടാകാം രാഹുവാണ് അനിഷ്ടത്തിലാകുന്നതെങ്കിൽ വിഷബാധ, ശത്രു ദോഷം എന്നിവ പോലും സംഭവിക്കാം.

ആയില്യം തോറുമോ ജന്മ നക്ഷത്രം തോറുമോ വ്രതം നോറ്റു നാഗക്ഷേത്ര ദർശനം നടത്തുന്നതും നൂറും പാലും സമർപ്പിക്കുന്നതും ഉത്തമ നാഗദോഷ പരിഹാരമാണ്. നാഗ ക്ഷേത്രങ്ങളിലോ ദേശത്തെ നാഗ കാവുകളിലോ വഴിപാടുകൾ നടത്തുക. സാധിക്കാത്തവർക്ക് ഞങ്ങളുടെ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താം. തുലാമാസ ആയില്യത്തിന് വിശേഷാൽ പൂജയും നൂറും പാലും ഉണ്ടായിരിക്കും.

Rituals