ഗ്രഹ ദോഷങ്ങൾക്ക് വേഗത്തിലുള്ള പരിഹാരങ്ങൾ

ഗ്രഹ ദോഷങ്ങൾക്ക് വേഗത്തിലുള്ള പരിഹാരങ്ങൾ

Share this Post

ആദിത്യദോഷം

ജാതകത്തിൽ ആദിത്യൻ പിഴച്ചാൽ ഏറ്റവുമധികം ബാധിക്കുക തൊഴിൽ, ഉപജീവന മാർഗങ്ങൾ എന്നിവയെയാണ്. യോഗ്യതയ്ക്കനുസരിച്ച് ജോലി കിട്ടാതെ വരിക, ലഭിച്ച ജോലിയിൽ അർഹമായ പദവിയും സ്ഥാനമാനങ്ങളും ലഭിക്കാതെ വരിക, സർക്കാരുമായുള്ള ഇടപാടുകളിൽ തടസ്സങ്ങൾ വരിക മുതലായവകൾ പ്രതീക്ഷിക്കണം.

പിതാവുമായോ പിതൃ തുല്യരുമായോ ഉള്ള ബന്ധങ്ങളിൽ വിഷമതകൾ ഉണ്ടാകും. നയന രോഗങ്ങൾ, ശിരോ രോഗങ്ങൾ, മുതലായവകളും കരുതണം. പൊതുവിൽ തൊഴിൽ മാന്ദ്യവും കർമ്മ തടസ്സവും അനുഭവപ്പെടാം.

പരിഹാരം: ആദിത്യന്റെ അധിദേവത പരമശിവനാണ്. ശിവക്ഷേത്രത്തിൽ വില്വപത്രാർച്ചന, കൂവളമാല,ധാര എന്നിവ നടത്തുക. ഞായറാഴ്ച വ്രതവും പ്രദോഷ വ്രതവും ആചരിക്കുക.

ശിവ ക്ഷേത്രത്തിൽ 41 നാൾ തുടർച്ചയായി നിർമ്മാല്യം തൊഴുതാൾ ഏതു കർമ്മ പ്രതിബന്ധവും അകലും.

കഠിനമായ കർമ്മ ദോഷം ഉള്ളവർ പ്രദോഷ ദിനങ്ങളിൽ ശിവ ക്ഷേത്രങ്ങളിൽ നടക്കുന്ന ഋഷഭ വാഹന എഴുന്നെള്ളിപ്പിന്റെ കൂടെ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത് അത്യുത്തമം.

ചന്ദ്രദോഷം

ചന്ദ്രൻപിഴച്ചാൽ ആത്മവിശ്വാസം നഷ്ടമാകും. എപ്പോഴും മനസ്സ് വിഷാദപ്പെട്ടുകൊണ്ടിരിക്കും. നിസ്സാര കാര്യങ്ങൾ ചെയ്യാൻ പോലും മറ്റുള്ളവരുടെ കൂട്ടും സഹായവും ആവശ്യമായി വരും. ഒന്നും തനിയെ ചെയ്യാൻ കഴിയില്ല എന്ന ആത്മവിശ്വാസക്കുറവ് ഉണ്ടായിരിക്കും.

ധൈര്യക്കുറവ്, അകാരണഭയം എന്നിവ സ്ഥിരമായി ഉണ്ടാകും. സമൂഹത്തിൽ നിന്നും ഉൾവലിയാനുള്ള പ്രവണത, ഏകാന്തത ഇഷ്ടപ്പെടുക, സാമാന്യ ബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്യുക, വഞ്ചനകളിൽ അകപ്പെടുക മുതലായവ സ്ഥിരമായ ജീവിതാനുഭവങ്ങൾ ആകുന്നുവെങ്കിൽ ജാതകത്തിൽ ചന്ദ്രൻ അനിഷ്ടനാണെന്ന് ഉറപ്പിക്കാം .

പരിഹാരം: പൗർണ്ണമി വ്രതം,ദുർഗയെ ഉപാസിക്കുക. പൗർണമി വ്രതം നോൽക്കുക. ഭുവനേശ്വരി ദേവിക്ക് പായസം നിവേദിക്കുക. ശിവന് രുദ്രാഭിഷേകം നടത്തുക ദുർഗാ സപ്തശതി പാരായണം ചെയ്യുക.

കുജദോഷം

കുജപ്പിഴവുകാർക്ക് മംഗല്യദോഷം ,വൈധവ്യം, കലഹം , അപകടങ്ങൾ, കോടതി വ്യവഹാരം കുറ്റക്യത്യങ്ങളിൽ അറിയാതെ പങ്കാളിയാവുക, ഭൂമി നഷ്ടം, അറിയാത്ത കാര്യത്തിന് സമാധാനം പറയേണ്ടി വരിക തുടങ്ങിയ അനുഭവങ്ങൾ വരാവുന്നതാണ്. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഷഷ്ഠി വ്രതമെടുത്ത് ദർശനം നടത്തുക. പഞ്ചാമൃത നിവേദ്യ സഹിതം കുമാരസൂക്ത പുഷ്പാഞ്ജലി നടത്തുക.

കുജൻ യുഗ്മരാശിയിലെങ്കിൽ തൊട്ടടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ ചൊവ്വാഴ്ച തോറും കുളിച്ചു തൊഴുത് ശക്തിക്കൊത്ത വഴിപാടുകൾ ചെയ്യണം.

ബുധദോഷം

പഠനം പാതിവഴിയിലുപേക്ഷിക്കുക. പഠിച്ചതൊന്നും വേണ്ടപ്പോൾ പ്രയോജനപ്പെടാതിരിക്കുക .വാക്കു ദോഷത്താൽ അവസരങ്ങൾ നഷ്ടപ്പെടുക, ജീവിത നൈരാശ്യം . ചെയ്യുന്നതൊക്കെ അബദ്ധമാവുക, തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരിക, ഇവ ഫലം

ദോഷശാന്തിക്കായി അവതാര വിഷ്ണുവിനെ ഭജിക്കുക. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിദ്യരാജഗോപാലാർച്ചന ചെയ്യിക്കുക. സാരസ്വതാരിഷ്ടം ജപിച്ച് സേവിക്കുക . ബുധനാഴ്ച വ്രതം അനുഷ്ഠിക്കുക.

വ്യാഴദോഷം

വ്യാഴം പിഴച്ചാൽ സർവ്വവും പിഴച്ചു എന്നാണ്. പാരമ്പര്യ കർമങ്ങൾ, ആചാരനുഷ്ഠാനങ്ങൾ , ക്ഷേത്രം, ആരാധന ഇവയോട് വിമുഖത, ഭാഗ്യക്കുറവ് , ധനനാശം, വരുമാനം എത്ര വന്നാലും ധനം കയ്യിൽ നിൽക്കാതെ വരിക ചെയ്യുന്നതെല്ലാം തിരിച്ചടിയായി , സന്താന ദുഃഖം ഇവ ഫലം.

വ്യാഴ പ്രീതിക്ക് ഗുരുവായൂർ ക്ഷേത്ര ദർശനം ഉത്തമം. മഹാവിഷ്ണു ക്ഷേത്ര ദർശനവും ഭാഗ്യ സൂക്ത പുഷ്പാഞ്ജലിയും പാൽ പായസ നിവേദ്യവും നടത്തുക. നരസിംഹമൂർത്തിക്ക് പാനകം നിവേദിക്കുക. ശ്രീകൃഷ്ണന് വെണ്ണ, ത്രിമധുരം ഇവ നൽകുക

ശുക്രദോഷം

സുഖകാരകനായ ശുക്രൻ പിഴച്ചാൽ പ്രണയകലഹം, കലാ രംഗത്ത് തടസ്സം, ധനനഷ്ടം, മംഗല്യതടസ്സം, അർഹതയുള്ള ധനം ഇവയുടെ അനുഭവയോഗമില്ലായ്മ, പങ്കാളിയെ കൊണ്ടുള്ള ദു:ഖങ്ങൾ, ഗൃഹാനുഭവ നഷ്ടം , കഴിവുണ്ടായാലും കലാരംഗത്ത് അംഗീകാരക്കുറവ് തുടങ്ങിയവ ഫലം

പരിഹാരം:: ജന്മനക്ഷത്രം തോറും ഗണപതി ക്ഷേത്ര ദർശനം നടത്തി കറുകമാലയും മോദകവും സമർപ്പിക്കുക. ചതുർത്ഥി തോറും ഗണപതി ക്ഷേത്ര ദർശനം നടത്തി നാളികേരം ഉടയ്ക്കുക ,വെള്ളിയാഴ്ച ദിവസം ശുക്ര ഗായത്രി ജപിക്കുക.

ശനിദോഷം

ജാതകത്തിലെ ശനി ദോഷം,ഏഴര ശനി, കണ്ടകശനി , അഷ്ടമശനി ഇവയിലേതെന്നു കണ്ടെത്തുക. ജോലിയിൽ അപ്രതീക്ഷിത സ്ഥാനചലനം, ചെയ്യാത്ത കുറ്റത്തിന് അപമാനം, അപവാദ ശ്രവണം, ,സുഹൃത്ത ജനങ്ങൾ മൂലം വിഷമതകൾ, രഹസ്യ ഇടപാടുകളിലും ഊഹ കച്ചവടത്തിലും നഷ്ടം, വഞ്ചനകളിൽ പെട്ട് ദുഃഖിക്കുക, അലച്ചിൽ, ബന്ധു വിദ്വേഷം, ഉപേക്ഷിക്കപ്പെടുന്ന അവസ്ഥ

ശനിദോഷ പരിഹാരത്തിന് അയ്യപ്പക്ഷേത്രങ്ങളിൽ എള്ളു പായസം അല്ലെങ്കിൽ പാനകം നടത്തുക. ഹനുമാന് എള്ളെണ്ണ സമർപ്പിക്കുക. മാടൻ തമ്പുരാനെ ഭജിക്കുക.

കാക്കയ്ക്ക് എള്ളു കലർന്ന നനച്ച പച്ചരി നൽകുക. ശബരിമല ദർശനം നടത്തുക. ശാസ്താവിന് നീരാഞ്ജനം, എള്ളുപായസം, നീല ശംഖു പുഷ്പമാല എന്നിവ സമർപ്പിക്കുക.

രാഹു ദോഷം

രോഗം ,ബന്ധനം, ത്വക് രോഗം.ധനനാശം, സന്താന തടസ്സം ,അപഖ്യാതി ,മംഗല്യതടസ്സം, ദാമ്പത്യ കലഹം ഇവ ഫലം.

നാഗ ക്ഷേത്രത്തിൽ നൂറും പാലും സമർപ്പിക്കുക. ആയില്യപൂജ നടത്തുക

കേതുദോഷം

ശസ്ത്രക്രിയ, അപകടം, വീഴ്ച ഇഷ്ടബന്ധങ്ങൾ, വേർപെടൽ, രക്തസംബന്ധമായ രോഗങ്ങൾ, കാര്യതടസ്സം പഠന വൈകല്യങ്ങൾ, ജോലി തടസ്സം, വിവാഹ വൈഷമ്യം, കച്ചവട നഷ്ടം ഇവ ഫലം

പരിഹാരം ചാമുണ്ഡി ക്ഷേത്രത്തിൽ കടും പായസം. ഗണപതിക്ക് അപ്പം നിവേദ്യം.

ഗുളികദോഷം

ആഭിചാര ദോഷം, ശത്രുപീഡ, തൊടുന്നതെല്ലാം കലഹത്തിൽ അവസാനിക്കുക, പ്രേതബാധാദിദോഷം ,ശരീര ക്ലേശം. തൊടുന്നതെല്ലാം നഷ്ടത്തിൽ കലാശിക്കുക .

പരിഹാരം

നിറപുത്തരിയുടെ നെൽക്കതിർ , ആറൻമൂള കണ്ണാടി ,കൊട്ടിയൂരിലെ ഓടപ്പൂവ്, അന്നപൂർണ്ണേശ്വരിയുടെ ചിത്രം ഇവയിലൊന്ന് വീട്ടിൽ സൂക്ഷിക്കുക. അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ താമര സമർപ്പിച്ച് അർച്ചന ചെയ്ത് അവിടുത്തെ തീർത്ഥം കുടുംബത്ത് തളിക്കുക.


Share this Post
Rituals