ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ സുവർണ മുഖി നദീതീരത്തു സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ശിവക്ഷേത്രമാണ് ശ്രീകാളഹസ്തി ക്ഷേത്രം. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം ദക്ഷിണ കൈലാസം എന്ന പേരിലും അറിയപ്പെടുന്നു. ശനിദശയിലും ശനി, രാഹു, കേതു എന്നിവയുടെ ദശയിലും അപഹാരകാലത്തും ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ഭക്തർക്ക് ആശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം.
കൂടാതെ കാളസർപ്പ ദോഷത്തിന് ഏറ്റവും ഉത്തമമായ പ്രതിവിധിയാണ് ഈ ക്ഷേത്രത്തിലെ രാഹു കേതു ആശിർവാദ പൂജയും രുദ്രാഭിഷേകവും. രാഹു കേതുക്കളുടെ ഉള്ളിലായി ഗ്രഹനിലയിൽ നവഗ്രഹങ്ങളിലെ മറ്റെല്ലാ ഗ്രഹങ്ങളും നിൽക്കുന്ന ഗ്രഹസ്ഥിതിയാണ് കാളസർപ്പ ദോഷം അല്ലെങ്കിൽ കാളസർപ്പ യോഗം എന്ന് അറിയപ്പെടുന്നത്.
പടിഞ്ഞാറോട്ട് ദർശനം ചെയ്തിരിക്കുന്ന വായുലിംഗമാണ് പ്രധാന പ്രതിഷ്ഠ. ശ്രീകാളഹസ്തി എന്ന പേര് മിണ്ടാപ്രാണികളായ മൂന്നു ജീവികളുടെ കഥയിൽ നിന്നാണുണ്ടയാതെന്നാണ് ഐതീഹ്യം. ‘ശ്രീ’ എന്നാൽ ചിലന്തിയെന്നും ‘കാള’യെന്നാൽ സർപ്പമെന്നും ‘ഹസ്തി’ എന്നാൽ ആനയെന്നുമാണ് അർത്ഥം. മുൻജന്മപാപം നിമിത്തം മിണ്ടാപ്രാണികളായിപ്പോയ മനുഷ്യരായിരുന്നു ഇവർ എന്നാണ് വിശ്വാസം. കാളഹസ്തി ക്ഷേത്രത്തിലെ വായുലിംഗത്തെ ഉപാസിക്കുന്നതിലൂടെ ഈ മൂന്നു മിണ്ടാപ്രാണികൾക്കും മോക്ഷം ലഭിച്ചുവെന്ന് വിശ്വാസിക്കപ്പെടുന്നു. പ്രധാന പ്രതിഷഠയായ ശിവലിംഗത്തിൽ ഒരു ആനയുടെയും ചുവട്ടിലായി ചിലന്തിയുടെയും പിറകുവശായി ഒരു സർപ്പത്തിന്റെയും രൂപങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ക്ഷേത്രത്തിന്റെ വടക്കേ ഗോപുര ഭാഗത്തായി പാതാള വിഘ്‌നേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിൽ മുപ്പത്തിയഞ്ച് അടി താഴ്ചയിലാണ് ഗണപതി വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ഇരുപത് പടികൾ ഇറങ്ങിച്ചെന്നാൽ ഗണപതി ക്ഷേത്രത്തിലെത്താം.
രാഹുകേതു പൂജയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. മുഖ്യ പുരോഹിതൻ ഉരുവിടുന്ന ഓരോ മന്ത്രവും ഏറ്റുചൊല്ലിയാണ് പൂജ നടത്തേണ്ടത്. പൂജ ഒരു മണിക്കൂർവരെ നീണ്ടുനിൽക്കും. പൂജയ്‌ക്കുശേഷം ശ്രീകാളഹസ്‌തീശ്വരനെ ദർശിച്ച് രാഹു കേതു വിഗ്രഹങ്ങൾ ശ്രീകോവിലിനു മുന്നിലുള്ള ഭണ്ഡാരത്തിൽ സമർപ്പിക്കണം. തുടർന്ന് രുദ്രാഭിഷേകം സമർപ്പിക്കുക. അന്നേ ദിവസം മറ്റു ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ഉചിതമല്ല എന്ന് പറയപ്പെടുന്നു.
കേരളത്തിൽ നിന്ന് ട്രെയിനിൽ പോകുന്നവർ റെനിഗുണ്ട സ്റ്റേഷനിലിറങ്ങണം. സമീപത്തുള്ള ബസ് ഡിപ്പോയിൽ നിന്ന് ക്ഷേത്രത്തിലേക്ക് ബസ് കിട്ടും. . പ്രമുഖ തീർത്ഥാടന കേന്ദ്രമായ തിരുപ്പതിയിൽ നിന്ന് ഇവിടേയ്ക്ക് ഒരു മണിക്കൂർ (35 കിലോമീറ്റർ} യാത്രയേയുള്ളൂ.