കണ്ടകശനി കൊണ്ടേ പോകൂ എന്ന് പറയുന്നതിൽ കാര്യമുണ്ടോ? ഇപ്പോൾ ആർക്കൊക്കെ കണ്ടകശനി എന്നറിയാം…

കണ്ടകശനി കൊണ്ടേ പോകൂ എന്ന് പറയുന്നതിൽ കാര്യമുണ്ടോ? ഇപ്പോൾ ആർക്കൊക്കെ കണ്ടകശനി എന്നറിയാം…

Share this Post

ജ്യോതിഷത്തില്‍ ശനിക്ക് വലിയ പ്രാധാന്യമാണുള്ളത്. ശനിദേവനെ നീതിയുടെ ദൈവം എന്നാണ് വിളിക്കുന്നത്. മനുഷ്യരുടെ പ്രവൃത്തിക്ക് അനുസരിച്ചാണ് ശനി ദേവന്റെ അനുഗ്രഹം സിദ്ധിക്കുക. ശനീശ്വരനെ പ്രീതിപ്പെടുത്തുകയാണെങ്കില്‍ ശനി കോപത്തില്‍ നിന്ന് രക്ഷ നേടാമെന്നാണ് വിശ്വാസം.

ഏവരും ഭയപ്പെടുന്ന കാര്യമാണ് ഏഴര ശനി, കണ്ടക ശനി, എന്നീ ശനിദോഷങ്ങല്‍. ശനിയുടെ ചാരവശാലുള്ള സ്ഥിതി മൂലം വരുന്ന താൽക്കാലിക ദോഷങ്ങളാണിവ. ജനിച്ചകൂറിലും അതിന്റെ 4, 7, 10 എന്നീ കൂറുകളിലും ശനി സഞ്ചരിക്കുന്ന രണ്ടര വര്‍ഷങ്ങൾ വീതം വരുന്ന സമയങ്ങളുമാണ് കണ്ടകശനിക്കാലം എന്നറിയപ്പെടുന്നത്. ഈ രണ്ടര വര്‍ഷക്കാലം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. എന്നാൽ കണ്ടക ശനി കൊണ്ടേ പോകൂ എന്ന് പറയുന്നതിൽ വലിയ വാസ്തവമൊന്നുമില്ല. ശനി അത്ര ഭീകരനും അല്ല. ജാതകത്തിൽ ശനി ഇഷ്ടനായി സ്ഥിതി ചെയ്യുന്നവർക്ക് ഇത്തരം കാലങ്ങളിൽ വലിയ ഗുണാനുഭവങ്ങൾ ഉണ്ടാകുകയും ചെയ്യുന്ന അനുഭവങ്ങളുണ്ട്. എന്നാൽ കണ്ടകശനികാലത്ത് എന്തെങ്കിലും ഒരു ദോഷമെങ്കിലും പറ്റാത്തവരും ഇല്ല.

മകരം രാശിയിലാണ് ഇപ്പോഴത്തെ ശനി സഞ്ചാരം. ഇത് മൂലം കണ്ടകശനി ദോഷം ഏതൊക്കെ കൂറുകൾക്കാണെന്നും അതില്‍ വരുന്ന ഏതൊക്കെ നക്ഷത്രങ്ങളെയാണ് ബാധിക്കുക എന്ന കാര്യം പരിശോധിക്കാം.

മകരക്കൂറ് ( തിരുവോണം, അവിട്ടം )

ഈ കൂറില്‍ ജനിച്ചവര്‍ക്ക് ശനി ജന്മരാശിയിലാണ്. അല്ലെങ്കില്‍ ഒന്നാം ഭാവത്തിലാണെന്ന് പറയാം. ജന്മ ശനിയും കണ്ടക ശനിയും ഒന്നായി ബാധിക്കുന്ന കാലമായതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ തേടി വന്നേക്കാം. ധനപരമായി നേട്ടങ്ങളുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്താന്‍ അധ്വാനം വേണ്ടിവരും. മുന്‍കൂട്ടി തീരുമാനിച്ച പദ്ധതികള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യങ്ങളുണ്ടാകും. കോടതി കേസും വ്യവഹാരങ്ങളും ഒക്കെ ഉള്ളവർക്ക് അനാവശ്യ കല താമസങ്ങൾ വരാം. വായ്പകളും സഹായങ്ങളും വൈകാൻ ഇടയുണ്ട്.

തുലാക്കൂറ് ( ചിത്തിര, ചോതി , വിശാഖം )

ഈ കൂറിലുള്ളവര്‍ക്ക് സുഖാനുഭവങ്ങള്‍ക്ക് കുറവ് വന്നേക്കും. വീട് വയ്ക്കുന്നവര്‍ക്ക് അവ പതുക്കെ മാത്രമേ മുന്നോട്ടു പോകൂ. വസ്തു വില്‍ക്കാനും വാങ്ങാനും ശ്രമിക്കുന്നത് മന്ദഗതിയിലാവും. അയല്‍പ്പക്കങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നേക്കാം. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സുഹൃത്തുക്കളുമായി പിണങ്ങനോ തെറ്റിദ്ധാരണ ഉണ്ടാകാനോ സാധ്യതയുണ്ട്. നല്ലതിനായി ചെയ്യുന്ന കാര്യങ്ങൾ പോലും തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്.

കര്‍ക്കിടകക്കൂറ് ( ചിത്തിര, ചോതി, വിശാഖം )

കുടുംബസ്ഥർക്ക് ദാമ്പത്യ വിഷമതകൾ വരാവുന്ന സമയമാണ്. പ്രണയിക്കുന്നവർക്ക് പ്രണയശൈഥില്യത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ യാത്രാ രേഖകൾ സംബന്ധമായ പ്രതിസന്ധികളെ നേരിടേണ്ടി വന്നേക്കാം. കൂട്ട് സംരംഭങ്ങളിൽ ഏര്‍പ്പെട്ടിട്ടുള്ളവർ തമ്മിൽ പരസ്പരവിശ്വാസത്തിന് കുറവ് സംഭവിക്കാം. തര്‍ക്കങ്ങളിൽ നിന്നും അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നതാണ് നല്ലത്. സഹ പ്രവർത്തകരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ വിചാരിക്കാത്ത നിലയിലേക്ക് നീങ്ങുവാൻ സാധ്യതയുണ്ട്.

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക)

തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. അര്‍ഹമായ സ്ഥാനക്കയറ്റം മികച്ച ശമ്പളവും ലഭിക്കാന്‍ സാധ്യതയില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം തേടി വന്നേക്കാം. കച്ചവടക്കാര്‍ക്ക് വ്യാപാരം മാന്ദ്യത്തിലാവും. തൊഴിൽ മേഖലയിൽ അനാവശ്യ മത്സരങ്ങൾ നേരിടേണ്ടി വരും. അധികാരികൾ നിശ്ചയിച്ചു നൽകുന്ന ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാൻ അത്യധ്വാനം ചെയ്യേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് താല്പര്യമില്ലാത്ത വിഷയങ്ങളിലോ സ്ഥാപനങ്ങളിലോ പ്രവേശിക്കേണ്ടി വന്നേക്കും.

ഈ കൂറുകളിൽ ഉൾപ്പെട്ട നക്ഷത്രക്കാർ ശനിയാഴ്ച ഒരുനേരം മാത്രം ധാന്യം ഭക്ഷിച്ചു വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ദോഷകാഠിന്യം കുറയും. ശനിയാഴ്ച ദിവസം ശാസ്താ ക്ഷേത്ര ദർശനം നടത്തി നീരാഞ്ജനം സമർപ്പിച്ചു കണ്ടു തൊഴുക. മലയാള മാസത്തിലെ ആദ്യ ശനിയാഴ്ചയെങ്കിലും എള്ള് പായസം നിവേദിക്കുക. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ശനീശ്വര പൂജ നടത്തുക. എല്ലാം മംഗളമാകും.


Share this Post
Astrology