ആദ്യമേ പറയട്ടെ: ഞാൻ ഒരു ലക്ഷണ ശാസ്ത്ര വിദഗ്ദ്ധനൊന്നുമല്ല. എന്നാൽ സാമുദ്രികം, ലക്ഷണ ശാസ്ത്രം മുതലായവ ഉപയോഗിച്ച് ഫല പ്രവചനം നടത്തുന്ന പല വ്യക്തികളുമായും പരിചയപ്പെടാൻ അവസരം ഉണ്ടായിട്ടുണ്ട്. അവരില് നിന്നും മറ്റു പല സ്രോതസ്സുകളിൽ നിന്നും ലഭിച്ചതായ ചില വിവരങ്ങൾ പങ്ക് വയ്ക്കുന്നു എന്നു മാത്രം.
ശരീരാവയവങ്ങളുടെ പ്രത്യേകതകൾ ഒരു വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ലക്ഷണശാസ്ത്രത്തിന്റെ അടിസ്ഥാനം. നെറ്റിയുടെയും കണ്ണുകളുടെയും ചുണ്ടുകളുടെയും പുരികത്തിന്റെയുമൊക്കെ വലുപ്പ വ്യത്യാസങ്ങളും രൂപത്തിലുള്ള ചെറുമാറ്റങ്ങളും ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്. ശരീരാവയവങ്ങളിൽ, പ്രത്യേകിച്ച് ചെവികൾക്കും പുരികക്കൊടികൾക്കും മൂക്കിനും കണ്ണുകൾക്കുമൊന്നുമുള്ള സ്ഥാനം ചെറുതല്ല. ഈ അവയവങ്ങളുടെ പ്രത്യേകതകൾ നോക്കി വ്യക്തിയുടെ സ്വഭാവമറിയാം എന്നാണ് ലക്ഷണ ശാസ്ത്രത്തിന്റെ അനുമാനം.
ചെവിയുടെ സവിശേഷതകൾ
ചെറിയ ചെവികൾ ബഹുമാനം, മര്യാദ, പ്രതിപത്തി എന്നിവയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിനർത്ഥം ചെറുചെവികളുടെ ഉടമകൾ ഈ ഗുണഗണങ്ങൾ നിറഞ്ഞവരായിരിക്കുമെന്നു തന്നെയാണ്. ചെവിയുടെ മാംസളമായ കീഴ്ഭാഗം തടിച്ചാണിരിക്കുന്നതെങ്കിൽ ഇത്തരക്കാരിൽ വികാര വിചാരങ്ങൾ ശക്തമായിരിക്കും. തീരെ ചെറിയ ചെവികളുടെ ഉടമകൾ, ലജ്ജാലുക്കളും ഉൾവലിഞ്ഞ പ്രകൃതത്തിനുടമകളുമായിരിക്കും.
നീളം കൂടിയതും നേരിയതുമായ ചെവികളുള്ളവരും സമാനമായ സ്വഭാവസവിശേഷതകൾ വർധിതരീതിയിൽ പ്രകടിപ്പിക്കുന്നവരായിരിക്കും. ഇടത്തരം വലുപ്പമുള്ള കർണങ്ങളുള്ളവർ ഊർജസ്വലരും നിശ്ചയദാർഢ്യം പ്രകടിപ്പിക്കുന്നവരുമായിരിക്കും. വലുപ്പമേറിയ ചെവികളും മാംസളമായ ചെവിയുടെ കീഴ്ഭാഗവുമുള്ളവർ കർക്കശക്കാരും അതിനൊപ്പം തന്നെ സുഖലോലുപതയിൽ കഴിയാൻ ഇഷ്ടപ്പെടുന്നവരുമായിരിക്കും. ശക്തരും ധീരരും ഊർജസ്വലരുമായിരിക്കും കൂർത്തുനിൽക്കുന്ന ചെവികളുള്ളവർ.
പുരികക്കൊടികൾക്കും മൂക്കിനും ഇടയിൽ, യഥാസ്ഥാനത്തു തന്നെയാണ് ചെവികൾ സാധാരണയായി എല്ലാവർക്കും കണ്ടുവരാറുള്ളത്. എന്നാൽ ചിലർക്കെങ്കിലും കൺപുരികത്തിനു മുകളിലേക്കും ചെവികൾ നീണ്ടു നിൽക്കാറുണ്ട്. ഇത്തരക്കാർക്ക് കോപം അധികമായിരിക്കും കൂടാതെ പ്രതികാരം മനസിൽ വെച്ചു പെരുമാറുന്നവരും കുറ്റകൃത്യവാസനയുള്ളവരുമാകാൻ സാധ്യതയുണ്ട്. കണ്ണുകളുടെ സമീപത്തുനിന്നും ഏറെ അകലെയാണ് ചെവികളുടെ സ്ഥാനമെങ്കിൽ ബുദ്ധിശക്തിയിലും സർഗാത്മക കഴിവുകളിലും ഇത്തരക്കാർ മുൻപന്തിയിലായിരിക്കും.
പുരികങ്ങളുടെ പ്രത്യേകതകളും സ്വഭാവ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വളഞ്ഞ പുരികക്കൊടികളുടെ ഉടമകൾ മറ്റുള്ളവരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിവുള്ളവരായിരിക്കും. മറ്റുള്ള വ്യക്തികളിലൂടെയായിരിക്കും ഇത്തരക്കാർ തങ്ങളുടെ ലോകം വികസിപ്പിച്ചെടുക്കുന്നത്.
പുരികങ്ങൾ നേരെയുള്ളവർ, തങ്ങളുടെ സമീപനങ്ങളിലും നേരേവാ എന്ന പ്രകൃതമുള്ളവരായിരിക്കും. വസ്തുനിഷ്ഠമായും സാങ്കേതികമായും കാര്യങ്ങളെ നേരിടുന്നവരായിരിക്കും. വികാരങ്ങൾക്ക് അടിമപ്പെടാതെ കാര്യങ്ങളെ ഉൾക്കൊള്ളുകയും പരിഗണിക്കുകയും ചെയ്യുന്നവരായിരിക്കും ഇത്തരക്കാർ. അഗ്രഭാഗം വളഞ്ഞിരിക്കുന്ന പുരികത്തിനുടമകൾ, ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ സന്നദ്ധരായവരായിരിക്കും. എപ്പോഴും മറ്റുള്ളവരുമായി സഹകരിച്ചു ജീവിക്കാൻ താല്പര്യമുള്ള ഇക്കൂട്ടർ വലിയൊരു സൗഹൃദവലയത്തിനുടമകളുമായിരിക്കും. നേതൃഗുണങ്ങൾ ഇവരിൽ പ്രകടമായിരിക്കും. നേതൃസ്ഥാനത്തിരിക്കുമ്പോൾ വളരെ ചെറിയ രീതിയിലുള്ള വെല്ലുവിളികൾ മാത്രമേ ഇവർക്കു നേരിടേണ്ടി വരുകയുള്ളു.
കണ്ണുകൾ കാണാൻ മാത്രമല്ല
കണ്ണുകളുടെ സമീപത്തുനിന്നും സാധാരണ കാണുന്നതിലും മുകളിലായി ചിലരുടെ പുരികങ്ങൾ ഉയർന്നിരിക്കാറുണ്ട്. ഇത്തരക്കാർ ദീര്ഘദൃഷ്ടിയുള്ളവരും കാര്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മത പുലർത്തുന്നവരും വിവേചന ബുദ്ധിയോടെ പ്രവർത്തിക്കുന്നവരുമായിരിക്കും. വളരെ ശ്രദ്ധയോടെ കാര്യങ്ങൾ വീക്ഷിച്ചതിനു ശേഷം മാത്രം പ്രവർത്തിക്കുന്നവരായിരിക്കും ഇക്കൂട്ടർ. കാത്തിരുന്ന് കാണാം എന്ന ഒരു മനോഭാവവും ഇവർ പ്രകടിപ്പിക്കും. ഒരു പുതിയ അറിവ് ലഭിക്കുമ്പോൾ അതിന്റെ എല്ലാവശങ്ങളെക്കുറിച്ചും ഗാഢമായി ചിന്തിക്കുകയും അവ സൂക്ഷിച്ചുവെക്കുകയും ആ അറിവുകൾ പിന്നീട് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ.
കണ്ണുകളോട് ഏറെയടുത്തു പുരികങ്ങളുള്ളവർ, പെട്ടെന്ന് പ്രതികരിക്കുന്നവരായിരിക്കും. എന്തു കാര്യങ്ങളിലും വളരെപ്പെട്ടെന്നു തീരുമാനമെടുക്കാൻ ഇവർക്ക് പ്രത്യേക കഴിവാണ്. അതുപോലെ തന്നെ എന്തെങ്കിലുമൊരു ജോലി ഏൽപ്പിച്ചാൽ എത്രയുംപെട്ടെന്നതു ചെയ്തുതീർക്കാനും ഇവർ ശ്രദ്ധാലുക്കളായിരിക്കും. ശുഭാപ്തിവിശ്വാസികളെങ്കിലും ഇവരെ ആരെങ്കിലും എതിർത്തു സംസാരിക്കുന്ന പക്ഷം പരസ്‌പരവിരുദ്ധമായി ചിലപ്പോളിവർ പ്രതികരിച്ചുവെന്നു വരാം. ഇത്തരക്കാർ അഭിമുഖീകരിക്കുന്ന വലിയ പ്രശ്‍നങ്ങളിലൊന്നാണ് ക്ഷമശീലത്തിന്റെ അഭാവം. അതുകൊണ്ടു തന്നെ ക്ഷമാശീലം വളർത്തിയെടുക്കാനും മറ്റുള്ളവരെ ക്ഷമാപൂർവം കേൾക്കാനും ഇത്തരക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.
നാസികാ ലക്ഷണം
പലരുടെയും മൂക്കുകൾ ശ്രദ്ധിച്ചാൽ കുറെയേറെ വ്യത്യാസങ്ങൾ കാണുവാൻ സാധിക്കും. ഈ വ്യത്യാസങ്ങളെല്ലാം അവരുടെ സ്വഭാവത്തിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എങ്ങനെയാണു മൂക്കുകൾ സ്വഭാവരൂപീകരണത്തെ സ്വാധീനിക്കുന്നതെന്നു നോക്കാം.
കുറവുകളൊന്നുമില്ലാത്ത, എല്ലാം തികഞ്ഞ നാസികയുടെ നീളം നെറ്റിയുടെ വീതിയ്ക്കു തുല്യമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, മൂക്ക് അവസാനിക്കുന്ന ഭാഗത്തിന്റെ വീതി കണ്ണിന്റെ നീളത്തിനു സമമായിരിക്കുമെത്രെ. വളഞ്ഞ നാസിക, ഒരു വ്യക്തിയുടെ ആജ്ഞാശക്തിയെയും നിശ്ചദാർഢ്യത്തെയും ആത്മാഭിമാനത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. വളഞ്ഞ മൂക്കിന്റെ അഗ്രഭാഗം താഴേക്ക് കുനിഞ്ഞ രീതിയിലാണിരിക്കുന്നതെങ്കിൽ അഭിമാനികളും ധൈര്യശാലികളുമായിരിക്കും. ഇവർ രസികരല്ലെങ്കിലും എല്ലാ കാര്യങ്ങളിലും ഒരു സരസത്വം കാണുവാൻ ശ്രമിക്കുന്നവരായിരിക്കും. വീതികുറഞ്ഞ മൂക്കുള്ളവർ മേല്പറഞ്ഞതിനു നേരെ വിപരീത സ്വഭാവമുള്ളവരും ഏകാധിപത്യ മനോഭാവം വെച്ച് പുലർത്തുന്നവരുമായിരിക്കും.
ക്ഷമ, ദയ, ലാളിത്യം, സഹന ശക്തി, ആകർഷകത്വം എന്നിങ്ങനെയുള്ള സ്വഭാവസവിശേഷതകൾ പ്രകടിക്കുന്നവരും അതിനൊപ്പം തന്നെ നിർവികാരരും അലക്ഷ്യ പ്രകൃതമുള്ളവരും സാമൂഹിക, ധാർമിക സമ്പ്രദായങ്ങളിൽ തുറന്ന സമീപനം വെച്ചുപുലർത്തുന്നവരുമായിരിക്കും ലക്ഷണമൊത്തതും ഒട്ടും വളവില്ലാത്തതുമായ മൂക്കുള്ളവർ.
നല്ലതു പോലെ ഉയർന്നതും അഗ്രഭാഗം വളഞ്ഞതുമായ മൂക്കുള്ളവർ, അത്യുത്സാഹികളായിരിക്കും. തങ്ങളുടെ ലക്ഷ്യങ്ങളെ സ്വതസിദ്ധമായ ഉത്സാഹത്തോടെ എത്തിപ്പിടിക്കാൻ ഇവർക്കു നിഷ്പ്രയാസം സാധിക്കും. തടസ്സങ്ങളെ പുഞ്ചിരിച്ചുകൊണ്ട് പ്രതിരോധിച്ച്, ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നവരായിരിക്കും ഇക്കൂട്ടർ.
ആധിപത്യമനോഭാവം വെച്ചുപുലർത്തുന്നവരായിരിക്കും പതിഞ്ഞ മൂക്കിനുടമകൾ. ലാളിത്യം കലർന്ന പെരുമാറ്റമൊന്നും ഇത്തരക്കാരിൽ നിന്നും പ്രതീക്ഷിക്കേണ്ട. എന്നാൽ സാഹിത്യത്തിലും കവിതയിലുമൊക്കെ ഇത്തരക്കാർ ശോഭിക്കാനിടയുണ്ട്. വളഞ്ഞ മൂക്കുള്ളവർ, ചടുലമായി പ്രവർത്തിക്കുന്നവരായിരിക്കും. കലഹപ്രിയരായ ഇക്കൂട്ടർക്കു തീരെ കനം കുറഞ്ഞ ചുണ്ടുകളും വായുമാണെങ്കിൽ, മറ്റുള്ളവരെക്കുറിച്ചു അപഖ്യാതി പറഞ്ഞു പരത്തുന്ന ദുഃശീലവുമുണ്ടാകാനിടയുണ്ട്.