ചന്ദ്രഗ്രഹണം നവംബർ 8 ന്. ഗ്രഹണ ദോഷം ഏതൊക്കെ നാളുകാർക്ക്?

ചന്ദ്രഗ്രഹണം നവംബർ 8 ന്. ഗ്രഹണ ദോഷം ഏതൊക്കെ നാളുകാർക്ക്?

Share this Post

1198 തുലാ മാസം 22 ന് (2022 നവംബർ 8 ന്) ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.38 മുതൽ വൈകുന്നേരം 6.20 വരെയാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അന്ന് ഉദിച്ച് 20 നാഴിക 39 വിനാഴികയ്ക്ക് അഗ്നികോണിൽ സ്പർശവും, 23 നാഴിക 32 വിനാഴികയ്ക്ക് നിമീലനവും 25 നാഴിക 16 വിനാഴികയ്ക്ക് ഗ്രഹണ മധ്യവും 29 നാഴിക 53 വിനാഴികയ്ക്കു നിരൃതി കോണിൽ ഗ്രഹണ മോക്ഷവും ആകുന്നു. ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളായ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, ആസാം തുടങ്ങിയ പ്രദേശങ്ങളിൽ ഗ്രഹണം പൂർണമായും ദൃശ്യമാകും. കേരളത്തിൽ ഇത് ഭാഗിക ഗ്രഹണമായിട്ടാവും ഭവിക്കുന്നത്. ഗ്രഹണാന്ത്യം കേരളത്തിൽ ദൃശ്യമാണ്. അതിനാൽ തന്നെ ഈ ഗ്രഹണം കേരളത്തിൽ ആചരണീയവുമാണ്.

Image

കഴിഞ്ഞ സൂര്യഗ്രഹണം കേതുഗ്രസ്തഗ്രഹണമായിരുന്നുവെങ്കിൽ വരുന്ന ചന്ദ്രഗ്രഹണം രാഹുഗ്രസ്തമാണ്. മേടക്കൂറ്റിൽ ഭരണി നക്ഷത്രത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. ഗ്രഹണം നടക്കുന്ന നക്ഷത്രത്തിനും ആ കൂറിലെ മറ്റു നക്ഷത്രങ്ങൾക്കും അതിന്റെ അനുജന്മനക്ഷത്രങ്ങൾക്കും ഗ്രഹണദോഷം ഉണ്ടാകും എന്നാണ് ജ്യോതിഷ മതം. അതിനാൽ ഭരണി, അശ്വതി, കാർത്തിക, പൂരം, പൂരാടം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്കും ഗ്രഹണദോഷം ഭവിക്കാൻ ഇടയുണ്ട്. കൂടാതെ ചന്ദ്രന്റെ നക്ഷത്രങ്ങളായ രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്കും ചന്ദ്രഗ്രഹണം മൂലം ചില വിഷമതകൾ വരാം. ഈ നാളുകാരിൽ ചന്ദ്രദശയോ ചന്ദ്ര അപഹാരമോ അനുഭവിക്കുന്നവർക്ക് ദോഷാധിക്യവും പറയാം.

എന്താണ് ഗ്രഹണദോഷം ?

ചന്ദ്രൻ മനോകാരകനും മാതൃകാരകനും ദേഹ കാരകനും ആണല്ലോ. മേൽ പറഞ്ഞ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് മാനസിക സമ്മർദ്ദങ്ങൾ വർദ്ധിക്കാം. ആകാംക്ഷയും ചിന്തകളും വിഷാദവും വർധിക്കും. മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കകളുണ്ടാകാം. ആത്മവിശ്വാസം കുറയാനും നീർദോഷം, ശ്വാസ സംബന്ധം മുതലായ വ്യാധികൾ അധികരിക്കാം.

വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ഏകാഗ്രതകുറയാനും അലസത വർധിക്കാനും സാധ്യതയുണ്ട്. കൃഷി, കച്ചവടം മുതലായവയിൽ നിന്നും അധ്വാനത്തിനനുസരിച്ച് ആദായം കിട്ടണമെന്നില്ല. ഔഷധവ്യാപാരികൾക്കും ഭക്ഷ്യ- ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും താൽക്കാലികമായ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കും. ഗ്രഹണം ചര രാശിയിൽ സംഭവിക്കുന്നതിനാൽ ദോഷങ്ങൾ അധികകാലം നീണ്ടു നിൽക്കില്ല എന്ന് ആശ്വസിക്കാം.

ചന്ദ്രഗ്രഹണം മുതൽ മൂന്ന് ദിവസത്തേക്ക് മുഹൂർത്തം വിധിക്കാൻ പാടില്ല. അന്നേ ദിവസം ഗ്രഹണ ശേഷം മാത്രമേ ക്ഷേത്രങ്ങൾ തുറക്കുകയുള്ളൂ.

ദോഷ പരിഹാരം

ഗ്രഹണ സ്പർശ സമയങ്ങളിൽ കുളിച്ച് ഭസ്മം ധരിച്ച് ശിവ ഭജനം നടത്തുകയും ശിവ സ്തോത്രങ്ങൾ, പഞ്ചാക്ഷരീ മന്ത്രം, മൃത്യുഞ്ജയ മന്ത്രം മുതലായവ ജപിക്കുക. ചന്ദ്രന്റെ ദേവത ദുർഗാ ഭഗവതിയെ ആയതിനാൽ ദുർഗാ ഭജനം നടത്തുന്നതും നല്ലതാണ്. ഗ്രഹണം എന്നു കേട്ട് ഭയക്കേണ്ടതില്ല. ഗ്രഹണ ദോഷങ്ങൾ താൽക്കാലികം മാത്രമാണ്.

Image

Share this Post
Focus Specials