നാളെ മോഹിനി ഏകാദശി.. ഈ സ്തോത്രം ജപിച്ചാൽ രോഗ ശമനവും അഭിവൃദ്ധിയും..!

നാളെ മോഹിനി ഏകാദശി.. ഈ സ്തോത്രം ജപിച്ചാൽ രോഗ ശമനവും അഭിവൃദ്ധിയും..!

Share this Post

വൈശാഖ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയെയാണ് മോഹിനി ഏകാദശി (01.05.2023) എന്നറിയപ്പെടുന്നത്. ഭഗവൻ വിഷ്ണു മോഹിനീ രൂപം കൈക്കൊണ്ട് ദേവകൾക്കായി അമൃതം വീണ്ടെടുത്തത് ഈ ദിവസത്തിലാണെന്നു വിശ്വസിക്കപ്പെടുന്നു. ഈ ദിവസം വിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ഏകാദശികളിൽ വച്ച് ഈ ഏകാദശി വളരെ പുണ്യവും വിശേഷതയും ഉള്ളതാണ്. ഈ വ്രതം അനുഷ്ഠിക്കുന്നവരുടെ പാപങ്ങളെയും ദുഃഖങ്ങളെയും ഇല്ലാതാക്കി സന്തോഷവും സമാധാനവും നൽകുന്നു. ഈ ഏകാദശി വ്രതം നോൽക്കുന്ന ഭക്തർ മോഹാന്ധകാരത്തിൽ നിന്ന് മുക്തരാകുന്നു. വനവാസ സമയത്ത് സീതയുടെ വിയോഗത്തിൽ ദുഃഖിച്ചിരുന്ന ശ്രീരാമൻ വസിഷ്ഠ മഹർഷിയുടെ ഉപദേശപ്രകാരം മോഹിനി ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നു. ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം യുധിഷ്ഠിരനും മോഹിനി ഏകാദശി നോറ്റിരുന്നു. മറ്റെല്ലാ ഏകാദശിയേയും പോലെ നെല്ലരി ചോറും അരി കൊണ്ടുള്ള പദാർത്ഥങ്ങളും ഈ വ്രതത്തിലും നിഷിദ്ധമാണ്.

ഏകാദശി വ്രതാനുഷ്ഠാനം എങ്ങനെ ?

ദശമി ,ഏകാദശി , ദ്വാദശി എന്നീ മൂന്നു ദിനങ്ങളിലായാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് . ഏകാദശിയുടെ തലേന്നായ ദശമി ദിവസം ഒരിക്കലൂണ് ആണ് വിധിക്കപ്പെട്ടിട്ടുള്ളത്. ഏകാദശി ദിനം പൂർണമായി ഉപവസിക്കുകയോ അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയുള്ള ലഘു ഭക്ഷണങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളി, പകലുറക്കം എന്നിവ പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ശുഭ്ര വസ്ത്രം ധരിച്ച് ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തമോ ഭാഗ്യസൂക്തമോ പുരുഷ സൂക്തമോ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. നെയ് വിളക്ക്, തുളസിമാല എന്നിവ സമർപ്പിക്കുക. അന്നേ ദിവസം മുഴുവൻ വിഷ്ണു സ്മരണയിൽ മുഴുകിയിരിക്കുക. വിഷ്ണുസഹസ്രനാമം ജപിക്കുന്നത് അത്യുത്തമം. ഭാഗവതം, നാരായണീയം, നാരായണ കവചം തുടങ്ങിയവ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ച് പാരണ വിടുക. പാരണ വീടാനുള്ള സമയം മേയ് 02 തീയതി 05.40 മുതൽ 8.19 വരെയാണ്.

ഹരിവാസരസമയം

ഏകാദശീ വ്രതകാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമാണ് ഹരിവാസരസമയം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത്. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം. 2023 മേയ് 01 വൈകുന്നേരം 4 മണി മുതൽ മേയ് 02 രാവിലെ 4 മണി 27 മിനിറ്റ് വരെയാണ് ഹരിവാസരം.

ഈ പുണ്യ ദിനത്തിൽ മഹാവിഷ്ണുവിനെ വിഷ്ണു പഞ്ചായുധ സ്തോത്രം കൊണ്ട് ഭജിക്കുന്നവർക്ക് രോഗ ദുരിതാദികളിൽ നിന്നു മുക്തിയും ആയുരാരോഗ്യ സൌഖ്യവും ആഗ്രഹ സാധ്യവും ലഭിക്കുന്നതാണ്.

ശ്രീവിഷ്ണു പഞ്ചായുധസ്തോത്രം

സ്ഫുരത്സഹസ്രാരശിഖാതിതീവ്രം സുദർശനം ഭാസ്കരകോടിതുല്യം .
സുരദ്വിഷാം പ്രാണവിനാശി വിഷ്ണോശ്ചക്രം സദാഽഹം ശരണം പ്രപദ്യേ .. 1..

വിഷ്ണോർമുഖോത്ഥാനിലപൂരിതസ്യ യസ്യ ധ്വനിർദാനവദർപഹന്താ .
തം പാഞ്ചജന്യം ശശികോടിശുഭ്രം ശംഖം സദാഽഹം ശരണം പ്രപദ്യേ .. 2..

ഹിരണ്മയീം മേരുസമാനസാരാം കൗമോദകീം ദൈത്യകുലൈകഹന്ത്രീം .
വൈകുണ്ഠവാമാഗ്രകരാഭിമൃഷ്ടാം ഗദാം സദാഽഹം ശരണം പ്രപദ്യേ .. 3..

രക്ഷോഽസുരാണാം കഠിനോഗ്രകണ്ഠച്ഛേദക്ഷരച്ഛോണിതദിഗ്ധധാരാം .
തം നന്ദകം നാമ ഹരേഃ പ്രദീപ്തം ഖഡ്ഗം സദാഽഹം ശരണം പ്രപദ്യേ .. 4..

യജ്ജ്യാനിനാദശ്രവണാത്സുരാണാം ചേതാംസി നിർമുക്തഭയാനി സദ്യഃ .
ഭവന്തി ദൈത്യാശനിബാണവല്ലിഃ ശാർങ്ഗം സദാഽഹം ശരണം പ്രപദ്യേ .. 5..

ഇമം ഹരേഃ പഞ്ചമഹായുധാനാം സ്തവം പഠേദ്യോഽനുദിനം പ്രഭാതേ .
സമസ്തദുഃഖാനി ഭയാനി സദ്യഃ പാപാനി നശ്യന്തി സുഖാനി സന്തി .. 6..

വനേരണേ ശത്രുജലാഗ്നിമധ്യേ യദൃച്ഛയാപത്സു മഹാഭയേഷു .
ഇദം പഠൻ സ്തോത്രമനാകുലാത്മാ സുഖീ ഭവേത്തത്കൃതസർവരക്ഷഃ .. 7..

യച്ചക്രശംഖം ഗദഖഡ്ഗശാർങ്ഗിണം
പീതാംബരം കൗസ്തുഭവത്സലാഞ്ഛിതം .
ശ്രിയാ സമേതോജ്ജ്വലശോഭിതാംഗം
വിഷ്ണും സദാഽഹം ശരണം പ്രപദ്യേ .. 8..

ജലേ രക്ഷതു വാരാഹഃ സ്ഥലേരക്ഷതു വാമനഃ .
അടവ്യാം നാരസിംഹശ്ച സർവതഃ പാതു കേശവഃ ..

ഇതി ശ്രീവിഷ്ണു പഞ്ചായുധസ്തോത്രം .


Share this Post
Rituals Specials