ഈ വർഷം വിഷുക്കണി കാണേണ്ടതെപ്പോൾ?

ഈ വർഷം വിഷുക്കണി കാണേണ്ടതെപ്പോൾ?

Share this Post

കുംഭശനി മീനവ്യാഴക്കാലം കൊല്ലവർഷം 1188-ആം ആണ്ട് മീനമാസം 31 ക്രിസ്തുവർഷം 2023 ഏപ്രിൽ 14 ഉദയാല്പരം 19 നാഴിക 42 വിനാഴികയ്ക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പകൽ 02 മണി 58 മിനിട്ടിന് തിരുവോണം നക്ഷത്രവും കൃഷ്ണപക്ഷ നവമി തിഥിയും അനക്കരണവും സാധ്യനാമ നിത്യയോഗവും ചേർന്ന സമയം മകരക്കൂറ്റിൽ കർക്കിടകലഗ്നത്തിൽ വായു ഭൂതോദയം കൊണ്ട് മേഷ സംക്രമം.

സൂര്യൻ തന്റെ ഉച്ച രാശിയായ മേടത്തിലേക്ക് സംക്രമിച്ച ശേഷം വരുന്നതായ പുലരിയിലാണ് വിഷുക്കണി കാണേണ്ടത്. ആയതിനാൽ ഈ വർഷം വിഷു 2023 ഏപ്രിൽ 15 ശനിയാഴ്ച ആകുന്നു.

ശനിയായാഴ്ച വെളുപ്പിനെ മുതൽ തന്നെ വിഷുക്കണി കാണുവാൻ ഉത്തമമാണ്. ക്ഷേത്രങ്ങളിൽ കണി കാണുന്നവർ അവിടത്തെ സമയക്രമം അനുസരിച്ച് കണി കാണണം. ഉദാഹരണമായി ഗുരുവായൂർ ക്ഷേത്രത്തിൽ അന്ന് പുലർച്ചെ 02 മണി 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ നേരമാണ് പ്രത്യേക വിഷുക്കണി ദർശനം. ശബരിമലയിൽ 04:45 AM മുതലാണ് വിഷുക്കണി.

വീടുകളിൽ കണി കാണുന്നവർക്കുള്ള സവിശേഷ മുഹൂർത്തമാണ് ഞാൻ പറയുന്നത്. 60 നാഴികയുള്ള ഒരു ദിവസം 30 മുഹൂർത്തങ്ങൾ ഉണ്ട്. പകൽ പതിനഞ്ചും രാത്രി പതിനഞ്ചും. അതായത് ഒരു മുഹൂർത്തം എന്നാൽ 2 നാഴിക അഥവാ 48 മിനിറ്റ്.

വിഷു നാളിലെ ബ്രാഹ്മ മുഹൂർത്തം കണി കാണുവാൻ ഏറ്റവും ഉത്തമമായി കരുതപ്പെടുന്നു. രാത്രിയുടെ പതിനാലാമത്തെ മുഹൂർത്തമാണ് ബ്രാഹ്മ മുഹൂർത്തം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സൂര്യോദയത്തിനു 48 മിനിട്ടിനു മുൻപുള്ള 48 മിനിട്ടു സമയമാണ് ബ്രാഹ്മ മുഹൂർത്തം.

തിരുവനന്തപുരത്തു വിഷുദിവസം സൂര്യോദയം 06:16 am നാണ് . അപ്പോൾ ബ്രാഹ്മ മുഹൂർത്തം 04:40am മുതൽ 05:28 വരെ. ഈ സമയത്തു കണി കാണുന്നതും കൈനീട്ടം സ്വീകരിക്കുന്നതും അതീവ ഉത്തമമാണ്. സൂര്യോദയത്തിലെ വ്യതിയാനങ്ങൾ ചിന്തിച്ചാലും കേരളത്തിൽ എവിടെയും 04:45 മുതൽ 05:24 വരെ കണി കാണുവാൻ യോജ്യമായ മുഹൂർത്തമായി കണക്കാക്കാവുന്നതാണ്.

മറ്റ് സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും താമസിക്കുന്നവർ അവിടത്തെ സൂര്യോദയത്തിൽ നിന്നും മേൽ പ്രകാരം കണക്ക് കൂട്ടി മുഹൂർത്തം കണ്ടെത്തേണ്ടതാണ്.

ഈ മുഹൂർത്തത്തിൽ കണി കാണുന്നതും കൈനീട്ടം സ്വീകരിക്കുന്നതും അടുത്ത വിഷു വരെയുള്ള ഒരു വർഷക്കാലം സമ്പൽ സമൃദ്ധിയും ഗൃഹൈശ്വര്യവും പ്രദാനം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.


Share this Post
Astrology Specials