നവരാത്രി വ്രതം അവസാന 3 ദിവസങ്ങളിൽ ഇങ്ങനെ ആചരിക്കാം !

നവരാത്രി വ്രതം അവസാന 3 ദിവസങ്ങളിൽ ഇങ്ങനെ ആചരിക്കാം !

Share this Post

നവമീ തിഥി പര്യന്തം
തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ

കേരളത്തില്‍ കന്നി മാസത്തിലെ  വെളുത്ത പക്ഷ പ്രഥമ ദിവസം  മുതല്‍ ഒമ്പത് ദിവസങ്ങളിലാ യിട്ടാണ് നവരാത്രി വ്രതം അനുഷ്ടിക്കുന്നത്. ഉത്തര ഭാരതത്തില്‍ മേടമാസ  പ്രഥമ മുതല്‍ ശ്രീരാമനവമി വരെയുള്ള നവരാത്രിയും പ്രധാനമാണ്. നവരാത്രിയില്‍  ദുര്‍ഗാ പൂജയും കന്യാപൂജയും (കുമാരീ പൂജ) നടത്തുന്നു. രണ്ടു മുതല്‍ പത്തു വയസ്സ് വരെയുള്ള ബാലികമാരെ ദിവസക്രമത്തില്‍ ദേവിയായി സങ്കല്‍പ്പിച്ച് പൂജിക്കുന്നു. രണ്ടു വയസ്സുള്ള കന്യയെ ആദ്യ ദിനം കുമാരി എന്ന സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. തുടര്‍ന്ന് ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ടിക, ശാംഭവി, ദുര്‍ഗ, സുഭദ്ര എന്ന ക്രമത്തില്‍ മൂപ്പുമുറ അനുസരിച്ച് ബാലികമാരെ ദേവിയായി സങ്കല്‍പ്പിച്ച് ആരാധിക്കണം.നവരാത്രിയിൽ പ്രഥമ  മുതൽ ഓരോ ദിവസങ്ങളിലായി നവ ദുർഗ്ഗമാരിൽ ഓരോരുത്തരെ വീതം ഉപാസിക്കുന്ന രീതിയും ഉണ്ട്. ഒന്നാം ദിവസം മുതൽ ക്രമത്തിൽ ശൈലപുത്രി ,ബ്രഹ്മ ചാരിണി, ചന്ദ്രഖണ്ഡ, കൂശ്മാണ്ട ,സ്കന്ദമാതാ, കാത്യായനി, കാളരാത്രി, മഹാഗൌരി ,സിദ്ധിദാത്രി എന്നീ  ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു.

ഈ വർഷം 2023 ഒക്ടോബർ 16 മുതൽ ഒക്ടോബർ 24 വരെയാണ് നവരാത്രി വ്രതം. 2023 ഒക്ടോബർ 22 – ആം തീയതി പൂജ വയ്‌പും 23 നു മഹാനവമിയും 24 -ആം  തീയതി വിജയദശമിയും (വിദ്യാരംഭം)  ആകുന്നു.

നവരാത്രിയില്‍ അമാവാസി മുതല്‍ വ്രതം ആരംഭിക്കണം. വ്രത ദിവസങ്ങളില്‍ ബ്രാഹ്മ മുഹൂര്‍ത്ത ത്തില്‍ ഉറക്കമുണര്‍ന്നു കുളിച്ച് ശുദ്ധ ശുഭ്ര വസ്ത്രം ധരിച്ച് ദേവീക്ഷേത്ര ദര്‍ശനനം നടത്തുകയോ ദേവീ കീര്‍ത്തനങ്ങള്‍ പാരായണം ചെയ്യുകയോ ചെയ്ത ശേഷം മാത്രമേ ജലപാനം പാടുള്ളൂ. വ്രതാനുഷ്ഠാനവേളയില്‍ അരിയാഹാരം  ഒരു നേരം മാത്രമാക്കി ചുരുക്കണം. ഒരുനേരം പാല്‍, ഫലവര്‍ഗങ്ങള്‍ എന്നിവ മാത്രം മറ്റു നേരങ്ങളില്‍ കഴിക്കാവുന്നതാണ്. മത്സ്യ മാംസാദികളും ലഹരി വസ്തുക്കളും നിര്‍ബന്ധമായും വര്‍ജിക്കണം. വാക്കും ശരീരവും മനസ്സും പ്രവൃത്തിയും ശുദ്ധമായിരിക്കണം. ബ്രഹ്മചര്യം നിര്‍ബന്ധമാണ്‌. എല്ലാദിവസവും ക്ഷേത്രദര്‍ശനം നടത്താന്‍ ആകുമെങ്കില്‍ വളരെ ഉത്തമമാണ്. എല്ലാ കര്‍മങ്ങളും ദേവീ സ്മരണയോടെ ആകണം.


ഒമ്പത് ദിവസങ്ങളിലായി ഒമ്പത് വ്യത്യസ്ത ഭാവങ്ങളില്‍ ആണ് ദേവിയെ ആരാധിക്കേണ്ടത്. ആദ്യത്തെ മൂന്നു ദിവസം പാര്‍വതിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മി ആയും അവസാന മൂന്നു ദിവസം സരസ്വതിയായും ആരാധിക്കുന്നു. കേരളത്തില്‍ ഒടുവിലത്തെ മൂന്നു ദിവസമാണ് ഏറ്റവും പ്രാധാനം. കൂടുതല്‍ ആളുകളും അഷ്ടമി, നവമി, ദശമി  എന്നീ മൂന്നു ദിവസങ്ങളില്‍ മാത്രം വ്രതമനുഷ്ഠിക്കുകയും ചെയ്യാറുണ്ട്.

അഷ്ടമിയിൽ ദുർഗ്ഗയായും നവമിയിൽ ലക്ഷ്മി ആയും, ദശമിയിൽ സരസ്വതിയായും ആരാധിക്കണം.

അഷ്ടമി ദിവസമാണ് പൂജ വയ്ക്കേണ്ടത്. നവമിയില്‍ അധ്യയനം നിഷിദ്ധമാണ്. വിജയദശമി ദിവസം വിദ്യാരംഭദിനമാണ്. ഒന്‍പതു  ദിവസങ്ങള്‍ തുടര്‍ച്ചയായി വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്ക് അവസാന മൂന്നു ദിവസം മാത്രമായും വ്രതം അനുഷ്ടിക്കാം.ദേവീ മാഹാത്മ്യം, ലളിതാ സഹസ്രനാമം, ലളിതാ ത്രിശതീ സ്തോത്രം,സൌന്ദര്യ ലഹരി മുതലായവ പാരായണം ചെയ്യുന്നത് വളരെ ഉത്തമമാണ്.


എല്ലാ വ്രത ദിവസങ്ങളിലും ദുര്‍ഗാ ഭഗവതിയുടെ ഈ ധ്യാന ശ്ലോകം ഭക്തിപൂര്‍വ്വം  ജപിക്കാം. സര്‍വ ദുഖങ്ങളും ദേവി അകറ്റും. സര്‍വാഭീഷ്ടങ്ങളും ദേവി നടത്തും.

ദുര്‍ഗാം ധ്യായതു ദുര്‍ഗതി പ്രശമനിം ദൂര്‍വാദള ശ്യാമളാം

ചന്ദ്രാര്‍ധോജ്വല ശേഖരാം ത്രിനയനാം അപീത വാസോവസം

ചക്രം ശംഘ ധനുശ്ച ധതതിം കോദണ്ഡ ബാണാംശയോര്‍

മുദ്രേവാ അഭയകാമദേ സകടിബന്ധാഭീഷ്ടദാം വാനയോ:


ആയുസ്സ്, ദാരിദ്ര്യശമനം, വിദ്യാഗുണം, ആഗ്രഹസാധ്യം, ശത്രുദോഷ നിവാരണം, ധനലാഭം, കുടുംബൈശ്വര്യം തുടങ്ങിയവയാണ് നവരാത്രി വ്രതത്തിന്റെയും പൂജയുടെയും ഫല ശ്രുതി.


Share this Post
Rituals