കുടുംബ പരദേവത ആരെന്നറിയില്ലെങ്കിൽ എന്തു ചെയ്യണം?

കുടുംബ പരദേവത ആരെന്നറിയില്ലെങ്കിൽ എന്തു ചെയ്യണം?

ഓരോ കുടുംബക്കാര്‍ അവരവരുടേതായി ഓരോ ദേവതകളെ കുടിയിരുത്തുന്നു. തങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളുടെ പരിഹാരത്തിനും അഭീഷ്ടസിദ്ധിക്കായും ഈ ദേവതക്കായി പൂജകള്‍ സമര്‍പ്പിക്കുന്നു.

കുലം എന്നാല്‍ പാരമ്പര്യത്തില്‍ ഊന്നി ജീവിക്കുന്ന കുടുംബത്തെയും ദേവത എന്നാല്‍ ഐശ്വര്യത്തോടെ സംരക്ഷിക്കുന്ന ദേവതയായും ഭാരതത്തില്‍ കരുതിപ്പോരുന്നു . പരമ്പരാഗതമായി ഓരോ കുടുംബത്തിന്നും ഇത്തരത്തില്‍ ഒരു കുലദേവത ആരാധനാ മൂര്‍ത്തിയായി നിലകൊണ്ടിരുന്നു . ആ കുടുംബത്തിലെ അംഗങ്ങള്‍ക്കും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജനസമൂഹത്തിനും കുലദേവത സംരക്ഷിച്ചു പോരുന്നു. കുലദേവതയുടെ പൂജകള്‍ കുടുംബംഗങ്ങള്‍ കൃത്യനിഷ്ഠയോട് കൂടി ചെയ്യേണ്ടതാണ് എന്നാണ് വിശ്വാസം.

കുടുംബ പരദേവതയാരെന്ന് അറിയാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?

അപ്പോൾ ആരെ ആരാധിക്കണം. ഇത് പലർക്കും സംശയമാണ്. അങ്ങനെയുള്ള സന്ദർഭത്തിൽ നിസ്സംശയം പറയട്ടെ, അതിൽ യാതൊരു വിഷമവും വേണ്ട, സകല ദേവതാ സ്വരൂപിണിയായിരിക്കുന്ന ജഗദംബികയെ, പരാശക്തിയെ പൂജിക്കാവുന്നതാണ്. എങ്ങനെയെന്നാൽ പരദേവത, കുലദേവതാ ഭരദേവത, ധർമ്മദേവത എന്നീ നാമങ്ങളെല്ലാം ദേവിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. പര ‘ എന്നതിന് എല്ലാറ്റിനും അപ്പുറത്തുള്ളവൾ, പരാശക്തി എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. ദേവതയെന്ന വാക്ക് ‘ദിവ്’ എന്ന ധാതുവിൽ നിന്നാണുണ്ടാകുന്നത്. ഈ ധാതുവിന് പ്രകാശിക്കുക, പ്രകാശിപ്പിക്കുക എന്നൊക്കെയാണർത്ഥം. അപ്പോൾ പരദേവതയെന്നാൽ എല്ലാറ്റിനും മീതെ, പരാശക്തിയായി പ്രകാശിക്കുന്നവൾ എന്നർത്ഥം വരുന്നു.

മന്ത്രമഹോദധി’യെന്ന തന്ത്ര ഗ്രന്ഥത്തിൽ തരംഗം – 1 ൽ 10-ാം ശ്ലോകത്തിൽ പറയുന്നത് നോക്കുക.

“മൂലാധാര സ്ഥിതാം ദേവീം കുണ്ഡലീം പരദേവതാം
ബിസതന്തുനിഭാം വിദ്യുത്പ്രഭാം
ധ്യായേത്സമാഹിത :”

അർത്ഥം:

ആദ്യമായി താമരനൂലിനു സദൃശവും മിന്നലിന്റെ പ്രഭയോടു കൂടിയതും മൂലാധാരത്തിൽ സ്ഥിതിചെയ്യുന്നതും
പരദേവതാ രൂപത്തിലുമുള്ള കുണ്ഡലിനിയെ ഏകാഗ്ര ചിത്തനായി ധ്യാനിക്കുക.
ഇവിടെയും കുണ്ഡലിനീയെന്നത് ദേവി തന്നെയെന്ന് വ്യക്തമാകുന്നു. കൂടാതെ ഇവിടെ ദേവിയെ പരദേവതയെന്നും പറഞ്ഞിരിക്കുന്നു.

കൂടാതെ ലളിതാസഹസ്രനാമത്തിലെ 369-ാം നാമം “പരദേവതാ” യെന്നാണ്. അതായത് എല്ലാ ദേവതമാരുടെയും സ്വരൂപമായി എല്ലാറ്റിനും മീതെ സ്ഥിതി ചെയ്യുന്നവളാണ് ദേവി. അതിനാൽ എല്ലാവരുടെയും പരദേവതമാർ അവസാനമായി ചിന്തിക്കുമ്പോൾ ദേവി തന്നെയാണ്. അത് കുടുംബം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ദേശ ദേവതയോ മണ്മറഞ്ഞ കാരണവന്മാർ സ്ഥിരമായും ക്രമമായും ദർശനം നടത്തി വന്നിരുന്ന ക്ഷേത്രത്തിലെ ദേവതയോ ആയിരിക്കാൻ സാധ്യത കൂടുതലാണ്.

Focus Rituals