സംശയം വേണ്ട.. പൂജ വയ്ക്കേണ്ടത് ഈ ദിവസം തന്നെ..

സംശയം വേണ്ട.. പൂജ വയ്ക്കേണ്ടത് ഈ ദിവസം തന്നെ..

Share this Post

ഈ വർഷത്തെ പൂജവയ്പ്പ് ദിവസത്തെക്കുറിച്ച് പലരും സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. പല പഞ്ചാംഗങ്ങളിലും പല ദിവസങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ചിലതിൽ 2022 ഒക്ടോബർ 2, ഞായർ എന്നും ഒക്ടോബർ 3, തിങ്കൾ എന്നും വ്യത്യസ്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൽ നാം ഏതാണ് സ്വീകരിക്കേണ്ടത്?

കന്നിരാശിയിൽ സൂര്യൻ സഞ്ചരിക്കുമ്പോൾ (കന്നി മാസത്തിൽ) വരുന്നതായ ശുക്ലപക്ഷ അഷ്ടമി ദിവസം അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ട് പൂജവയ്ക്കണം. വിധിയാം വണ്ണം പൂജ വയ്ക്കണം. ഞായറാഴ്ച വൈകിട്ട് 6 മണി 46 മിനിട്ടു മുതൽ തിങ്കളാഴ്ച വൈകിട്ട് 4 മണി 38 മിനിട്ടു വരെയാണ് അഷ്ടമി തിഥി. അഷ്ടമി തിഥിയിൽ ക്ഷേത്രത്തിൽ പൂജ വയ്ക്കണമെങ്കിൽ ഞായറാഴ്ച പൂജ വയ്ക്കണം. പൂജവയ്പ് ക്ഷേത്രങ്ങളിൽ നടത്തണമെങ്കിൽ ഞായറാഴ്ചയെ പറ്റൂ. കാരണം, തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രങ്ങൾ തുറക്കും മുൻപേ അഷ്ടമി അവസാനിക്കും. ഈ സാമാന്യ യുക്തി നോക്കിയാൽ തന്നെ പൂജവയ്പ് ഞായറാഴ്ചയാണെന്നു വ്യക്തം. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലും ഒക്ടോബർ 2 ഞായറാഴ്ച സന്ധ്യാശേഷമാണ് ഗ്രന്ഥപൂജയും പൂജവയ്‌പും നടത്തുന്നത്.

അപ്പോൾ വിധിയാം വണ്ണം ആചാരങ്ങൾ അനുഷ്ഠിക്കുന്നവർ 2022 ലെ പൂജവയ്പ്പ്, ഒക്ടോബർ 2 കന്നി 16 ഞായർ വൈകിട്ട് നടത്തണമെന്നാണ് എന്റെ അഭിപ്രായം.

ഈ വർഷത്തെ നവരാത്രി മുഹൂർത്തങ്ങൾ

നവരാത്രി ആരംഭം. 26.09.2022

പൂജ വയ്പ്പ്

2022 ഒക്ടോബർ 02 (1198 കന്നി 16) ഞായറാഴ്ച
വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതൽ പൂജ വയ്ക്കാം

ദുർഗ്ഗാഷ്ടമി

2022 ഒക്ടോബർ 03 (1198 കന്നി 17) തിങ്കളാഴ്ച

മഹാനവമി, ആയുധപൂജ

2022 ഒക്ടോബർ 04 (1198 കന്നി 18) ചൊവ്വാഴ്ച
വിജയദശമി, പൂജയെടുപ്പ്
2022 ഒക്ടോബർ 05 (1198 കന്നി 19) ബുധനാഴ്ച രാവിലെ പൂജയെടുപ്പ്. പൂജയെടുപ്പിനുശേഷം വിദ്യാരംഭം.

വിദ്യാരംഭ മുഹൂർത്തം

സാമാന്യമായി വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് മുഹൂർത്തം നോക്കേണ്ടതില്ല. എങ്കിലും 2022 ഒക്ടോബർ 05 (1198 കന്നി 19) ബുധനാഴ്ച രാവിലെ 07.15 വരെ അത്യുത്തമം. എങ്കിലും രാവിലെ 09.00 മണി വരെ ഉത്തമമായ സമയം എന്ന് പറയാം.

വിദ്യാരംഭം ക്ഷേത്രങ്ങളിൽ തന്നെ നടത്താൻ ശ്രമിക്കുക.


Share this Post
Astrology Rituals