പൂജവയ്‌പും വിദ്യാരംഭവും ഇങ്ങനെയായാൽ ക്ഷേമവും വിദ്യാഭിവൃദ്ധിയും…

പൂജവയ്‌പും വിദ്യാരംഭവും ഇങ്ങനെയായാൽ ക്ഷേമവും വിദ്യാഭിവൃദ്ധിയും…

നവരാത്രിയുടെ ഏറ്റവും പ്രധാനദിനങ്ങൾ ദുർഗാഷ്ടമി മഹാനവമി വിജയദശമി എന്നിവയാണ്. ദക്ഷയാഗം മുടക്കുവാനായി ഭദ്രകാളി തിരു അവതാരമെടുത്ത പുണ്യദിനമാണ് ദുർഗാഷ്ടമി. ദുർഗാ ദേവി മഹിഷാസുരനേയും, ശ്രീരാമൻ രാവണനേയും, ദേവേന്ദ്രൻ വൃത്രാസുരനേയും, പരമശിവൻ ത്രിപുരന്മാരേയും മഹാവിഷ്ണു മധുകൈടഭന്മാരേയും നിഗ്രഹിച്ചതും, അതേ പോലെ വിരാടരാജ്യം ആക്രമിച്ച കൌരവരെ അര്ജുനന്റെ നേതൃത്വത്തിൽ വിജയിച്ച ദിവസം കൂടിയാണ് വിജയദശമി. തിന്മയുടെ മേൽ നന്മയുടേയും അന്ധകാരത്തിനുമേൽ പ്രകാശത്തിന്റേയും അജ്ഞാനത്തിനുമേൽ ജ്ഞാനത്തിന്റേയും വിജയം സംഭവിച്ച ദിവസമാകയാൽ ഈ ദിനം അതുകൊണ്ട് വിജയദശമി എന്ന് അറിയപ്പെടുന്നു.

ദസറ എന്ന പേരിലറിയപ്പെടുന്ന ഈ ആഘോഷം ദശഹര എന്ന സംസ്കൃതപദത്തിന്റെ രൂപാന്തരണമാണ്.. മധു, കൈടഭൻ, മഹിഷാസുരൻ, ധൂമ്രലോചനൻ, രക്തബീജൻ, ചണ്ഡൻ,മുണ്ഡൻ, ശുംഭൻ,നിശുംഭൻ എന്നീ ഒന്പതു അസുരന്മാരേയും നിഗ്രഹിച്ച് ജീവികളിലെ അഹങ്കാരത്തെ നിഗ്രഹിക്കുന്നവളായതുകൊണ്ട് ദേവിയെ ദശഹര എന്ന് വിളിക്കുന്നു. കേരളത്തിലെ നവരാത്രി പൂജ എന്നത് ദേവീഭാഗവത യജ്ഞങ്ങളും, പൂജവെയ്പും വിദ്യാരംഭവും വിശേഷാൽ ചടങ്ങുകളും ആയി ആണ് നടത്തപ്പെടുത്തുന്നത്.

നവരാത്രിക്രമമനുസരിച്ച് മൂന്നു മൂന്നു ദിവസങ്ങളായുള്ള പൂജയാണ് നവരാത്രി. നമ്മുടെ മനസ്സ് സദാ കാമക്രോധലോഭമോഹമദമാത്സര്യങ്ങളാകുന്ന ആറ് ശത്രുക്കളുടെ നിവാസസ്ഥാനമാണ്. ഈ ശത്രുക്കളെ സംഹരിച്ചാലേ നമ്മുടെ മനസ്സ് ദേവി സന്നിധിയിലേക്ക് തിരിയുകയുള്ളു.. അതിനാൽ ആറു ശത്രുക്കളെ സംഹരിക്കാനായി ആദ്യ മൂന്നു ദിവസും സമസ്തശത്രുക്കളേയും സംഹരിക്കുന്നവളും സകലദേവതാ സ്വരൂപിണിയും സർവചൈതന്യരൂപിണിയും സിംഹാരൂഢയും ആയ ദുര്ഗാദേവിയെ ആരാധിക്കുന്നു. മനസ്സിലെ ആസുരശക്തികൾ നീങ്ങികഴിഞ്ഞാൽ മനസ്സിലെ ദേവീചൈതന്യം വളര്ത്തുന്നതിന് അഷ്ടൈശ്വര്യപ്രദയും അഷ്ടസ്വരൂപിണിയും പത്മാസനസ്ഥയും നിര്മലസ്വരൂപിണിയും ആയ മഹാലക്ഷ്മിയെ അടുത്ത മൂന്നു ദിവസം ആശ്രയിക്കുന്നു. മഹാലക്ഷ്മിയുടെ അനുഗ്രഹത്താൽ ദേവീചൈതന്യം തിരിച്ചറിഞ്ഞാൽ പിന്നീട് വേണ്ടത് ശുദ്ധജ്ഞാനമാണ്. അതിനു ജ്ഞാനസ്വരൂപിണിയും വാഗ്ദേവതയുമായ സരസ്വതിയെ അടുത്ത മൂന്നു ദിവസങ്ങളിലായി ഉപാസിക്കുന്നു. അങ്ങിനെ മൂന്നു ദേവതാനുഗ്രഹത്തോടു കൂടി പത്താം ദിവസമായ വിജയദശമിയിൽ ത്രിദേവി സ്വരൂപിണിയായ പരബ്രഹ്മസ്വരൂപിണിയായ ജഗദംബികയുടെ പൂര്ണഭാവം നമ്മളിൽ പൂര്ണമാകുന്നു. കേരളത്തിൽ ദുര്ഗാഷ്ടമി ദിവസം ദുര്ഗയേയും മഹാനവമി ദിവസം മഹാലക്ഷ്മിയേയും വിജയദശമി ദിവസം സരസ്വതിയേയും ആരാധിക്കുന്നു.

പൂജവെയ്പും ആയുധപൂജയും

നവരാത്രി ആഘോഷത്തിലെ സുപ്രജാന ചടങ്ങാണ് പൂജവെയ്പ്. വിദ്യാവിജയത്തിനും തങ്ങളുടെ പ്രവൃത്തികൾ പൂർവാധികം നന്നായി ചെയ്യുന്നതിനുവേണ്ടിയാണ് ദുര്ഗാഷ്ടമീ നാളിൽ പൂജവയ്കുന്നത്. സ്വപ്രവര്ത്തനത്തിനു ആവശ്യമായ ശക്തി സംഭരണമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ദേവിയുടെ മുന്നിൽ സ്വയം സമർപ്പിതരാകുക എന്നതാണ് പൂജവയ്പ് ലക്ഷ്യമാക്കുന്നത്. ഭക്തന്റെ ആത്മസമര്പണത്തോടുകൂടി നാം സമര്പിക്കുന്നത് സകലധനങ്ങളിലും വച്ച് ശ്രേഷ്ഠമായ വിദ്യാധനമാണ്. മഹാനവമി നാളിലെ ആയുധപൂജ എന്നതുകൊണ്ട് രാവണനിഗ്രത്തിനു മുന്പായി ശ്രീരാമൻ തന്റെ കോദണ്ഡമെന്ന വില്ലും ശരങ്ങളും മറ്റ് ആയുധങ്ങളും പൂജിച്ചതിന്റെ സ്മരണ നിലനിര്ത്തുന്ന ചടങ്ങാണ് ആയുധ പൂജ. പ്രാചീന കാലത്ത് ആയോധനകലകൾക്കുണ്ടായിരുന്ന പ്രാമുഖ്യവും ശക്തിസ്വരൂപിണിയായ ജഗദംബികയുടെ തിരുസന്നിധിയിൽ പടയാളികൾ തങ്ങളുടെ ആയുധങ്ങളെ പൂജിച്ചിരുന്നതിന്റേയും തുടര്ച്ചയായും ഇതിനെ കാണാവുന്നതാണ്.. ജീവിതത്തെ ധര്മസമരമായി കാണുന്നതിനാൽ തങ്ങളുടെ തൊഴിൽ ഉപകരണങ്ങളെ അഥവാ ആയുധങ്ങളെ പൂജിച്ച് ദേവീ ശക്തിയാൽ സമ്പുഷ്ടമാക്കേണ്ടത് ആവശ്യമാണ്. തന്റെ തൊഴിലിനെ ഈശ്വരപൂജയായി കാണുവാനും തൊഴിലിൽ ആത്മാര്ഥതയുണ്ടാക്കുവാനും ഇത് സഹായിക്കുന്നു.

പൂജവയ്പിലും വിദ്യാരംഭത്തിലും ഒതുങ്ങുന്ന മലയാളികളുടെ നവരാത്രി ആഘോഷം ദുര്ഗാഷ്ടമി സന്ധ്യമുതൽ പൂജയെടുക്കുന്ന വിജയദശമി പ്രഭാതം വരെ 4 നേരം ഗുരു, ഗണപതി വ്യാസ ദക്ഷിണാമൂര്ത്തി സരസ്വതിമാരെ പൂജിക്കുന്നു. പൂജവയ്കുന്നത് സന്ധ്യാ വേളയിൽ അഷ്ടമി വരുന്ന ദിവസമാണ്. ക്ഷേത്രങ്ങളിൽ നാലമ്പലത്തിൽ വിളക്കത്തു മുന്പറഞ്ഞ മൂര്ത്തികൾക്ക് പദ്മമിട്ട് നേദിക്കുന്നു. തുടര്ന്ന് പുസ്തകങ്ങളിലേക്ക് സരസ്വതീ ചൈതന്യം പകര്ന്ന് സരസ്വതീദേവിയെ മന്ത്രങ്ങളാൽ ദുർഗാഷ്ടമി, മഹാനവമി നാളുകളിൽ പൂജിക്കുന്നു. വിജയദശമി നാളിൽ പുലര്ച്ചെ ദേവിയെ പൂജിച്ച് പൂജയെടുക്കുന്നു. പൂജവയ്കാൻ ഗ്രന്ഥങ്ങൾ സമര്പിച്ച് വിദ്യാര്ഥികൾ പൂജനടത്തിയ ഗുരുസ്ഥാനത്തുള്ളവര്ക്ക് ദേവീസ്വരൂപിണിയായി മനസ്സിൽ കരുതുകയും അവരെ നമസ്കരിച്ച് ദക്ഷിണ നൽകി ഗ്രന്ഥത്തെ സ്വീകരിച്ച് വിദ്യാരംഭം കുറിക്കുകയും ചെയ്യുന്നു.

ഈ വര്‍ഷം നവരാത്രി കാലത്തെ അഷ്ടമി തിഥി 2024 ഒക്ടോബർ 10 വ്യാഴാഴ്ച ആണ്. അന്ന് വൈകിട്ട് പൂജവയ്ക്കണം. പൂജ വയ്ക്കുന്നതു മുതല്‍ വിജയദശമി ദിനമായ ഒക്ടോബർ 13 ഞായറാഴ്ച്ച പൂജ എടുക്കുന്ന സമയം വരെ അദ്ധ്യയനം പാടില്ല. എന്നാൽ ഈശ്വര സ്തുതികൾ പാരായണം ചെയ്യുന്നതിന് തടസ്സമില്ല.

വിദ്യാരംഭം കഴിവതും ക്ഷേത്രങ്ങളിൽ തന്നെ നടത്താൻ ശ്രമിക്കുക.

Rituals