പുഷ്പാഞ്ജലി എന്നാല്‍ പുഷ്പങ്ങള്‍ കൊണ്ടുള്ള അഞ്ജലി അല്ലെങ്കില്‍ അര്‍ച്ചനയാണ്. എല്ലാ ക്ഷേത്രങ്ങളിലും പുഷ്പാഞ്ജലി പ്രധാന വഴിപാടും ആണ്. വഴിപാടു കഴിക്കുക എന്ന ദ്വയാര്‍ഥത്തിലല്ലാതെ വിധിയാവണ്ണം ചെയ്യുന്ന പുഷ്പാഞ്ജലികള്‍ ആഗ്രഹ സാഫല്യവും ഐശ്വര്യാദികളും പ്രദാനം ചെയ്യും.
എല്ലാ ക്ഷേത്രങ്ങളിലും വഴിപാടു കൌണ്ടറുകളില്‍ അവിടെ ലഭ്യമായ പുഷ്പാഞ്ജലികള്‍ പ്രദര്‍ശിപ്പിക്കുക പതിവാണ്. പുഷ്പാഞ്ജലികളുടെ എല്ലാം ഫലശ്രുതി ഒന്നാണെങ്കില്‍ ഒരു പുഷ്പാഞ്ജലി മാത്രമേ വേണ്ടുവല്ലോ. അപ്പോള്‍ അങ്ങിനെയല്ല എന്നത് സുവ്യക്തമാണ്.
പുഷ്പാഞ്ജലി ഫലങ്ങള്‍
- രക്തപുഷ്പാഞ്ജലി – ശത്രുദോഷ ശമനം അഭീഷ്ടസിദ്ധി.
- ദേഹപുഷ്പാഞ്ജലി – ആരോഗ്യ ക്ലേശ നിവാരണം.
- സ്വയംവര പുഷ്പാഞ്ജലി – മംഗല്യ തടസ്സ നിവാരണം, ഇഷ്ട മംഗല്യ സിദ്ധി.
- സഹസ്രനാമ പുഷ്പാഞ്ജലി – ദേവപ്ടീതി, ഐശ്വര്യം.
- ഭാഗ്യസൂക്ത പുഷ്പാഞ്ജലി – ഭാഗ്യലബ്ധി, സമ്പല്‍സമൃദ്ധി.
- ഐകമത്യസൂക്ത പുഷ്പാഞ്ജലി – ദാമ്പത്യ ഐക്യം – കലഹ നിവാരണം
- ആയുര്‍സൂക്ത പുഷ്പാഞ്ജലി – ദീര്‍ഘായുസ്സ്
- ശ്രീസൂക്ത പുഷ്പാഞ്ജലി – ഐശ്വര്യവും സമ്പല്‍സമൃദ്ധിയും
- രുദ്രസൂക്ത പുഷ്പാഞ്ജലി – ദുരിത നാശവും സര്‍വാഭീഷ്ട സിദ്ധിയും
- സാരസ്വതസൂക്ത പുഷ്പാഞ്ജലി – വിദ്യാലാഭവും വിദ്യാതടസ്സ പരിഹാരവും
- സുദര്‍ശന മന്ത്ര പുഷ്പാഞ്ജലി – ശത്രു ദോഷ ശമനം, വിഷ്ണു പ്രീതി
- മൃത്യുഞ്ജയ പുഷ്പാഞ്ജലി – ദീര്‍ഘായുസ്സ്. രോഗ ശമനം.
- ധന്വന്തരീ സൂക്ത പുഷ്പാഞ്ജലി – രോഗ ശമനം.
ദേവതാഭേദം അനുസരിച്ച് പുഷ്പാഞ്ജലികള്‍ വ്യത്യസ്തമാകും. സുദര്‍ശന പുഷ്പാഞ്ജലി വിഷ്ണുവിന്റെയോ അവതാര വിഷ്ണുവിന്റെയോ ക്ഷേത്രങ്ങളില്‍ മാത്രമേ പലപ്പോഴും സാധ്യമാകൂ. മൃത്യുഞ്ജയ പുഷ്പാഞ്ജലി ശിവ സന്നിധിയിലെ സാധ്യമാകൂ. അതെ പ്രകാരം വിവിധ ദേവതകള്‍ക്ക് വിവിധ മന്ത്രങ്ങളാല്‍ അര്‍ച്ചിക്കപ്പെടുന്ന അര്‍ച്ചനകള്‍ അല്ലെങ്കില്‍ പുഷ്പാഞ്ജലികള്‍ക്ക് അനുയോജ്യങ്ങളായ പുഷ്പങ്ങളെ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അപ്രകാരം അനുഷ്ടിക്കപ്പെടുന്ന കര്‍മങ്ങള്‍ക്ക് ഫലപ്രാപ്തി ഏറും എന്നതില്‍ തര്‍ക്കമില്ല.
പൂജാ പുഷ്പങ്ങള്‍
പൂക്കളെ അവയുടെ ഗന്ധ – രൂപ – വര്‍ണ്ണ – ഉത്ഭവ ഭേദങ്ങള്‍ അനുസരിച്ച് ത്രിഗുണങ്ങളായ സാത്വിക – രാജസ – താമസ പുഷ്പങ്ങളായി വിഭജിക്കാവുന്നതാണ്. അരളി, തുളസി, തെച്ചി, നന്ദ്യാർവട്ടം , മന്ദാരം , വെള്ളഎരുക്ക് , തുമ്പ, മുല്ല, വെള്ളത്താമര മുതലായവ സാത്വിക പുഷ്പങ്ങള്‍ ആകുന്നു.
പാടലപുഷ്പം , ഉമ്മം , ചുവന്ന താമര മുതലായവയെ രാജസ പുഷ്പങ്ങളായി പരിഗണിക്കാം.
ചെമ്പരത്തി, കാശപുഷ്പം ,കൈതപ്പൂവ് ഇത്യാദി പുഷ്പങ്ങളെ താമസ പുഷ്പങ്ങളായി ഗണിക്കാം.
സാത്വിക- രാജസ പുഷ്പങ്ങള്‍ നിത്യ പൂജാദികള്‍ക്കും താമസ പുഷ്പങ്ങള്‍ വിശേഷ പൂജകള്‍ക്കും ഉപയോഗിക്കുന്നു. പൊതുവില്‍ ഇങ്ങിനെ പറയാമെങ്കിലും ദേവതാ ഭേദമനുസരിച്ച് ദേവതയുടെ ഇഷ്ടപുഷ്പങ്ങള്‍ നിത്യ പൂജയ്ക്ക് ഉപയോഗിച്ചു വരുന്നു.
ഓരോ ദേവത സങ്കൽപ്പങ്ങക്കും മന്ത്രങ്ങൾ ഉള്ളത് പോലെ യോജ്യമായ പൂക്കളും വിധിച്ചിട്ടുണ്ട് . കൂവളം ,എരിക്കിൻ പൂവ്, കരവീരം ,താമര, ഉമ്മം ,വൻ കൊന്ന, ജമന്തി, ചുവന്ന മന്താരം, കരിംകൂവളം, കടലാടി, ഇലഞ്ഞി എന്നീ പൂക്കൾ ശൈവം ആണ് .
രാമതുളസി, കൃഷ്ണ തുളസി, വെള്ള താമര, മുല്ല , പ്ലാശ്, പിച്ചി, മുല്ല, ജമന്തി, ചെമ്പകം, നന്ദ്യാർവട്ടം എന്നിവ വൈഷ്ണവം ആണ് .
ചുവന്ന തെറ്റി, ചുവന്ന താമര , വെള്ള താമര , ചെമ്പരത്തി , ഉമ്മത്തിൻ പൂവ്, മുല്ല, കരിം കൂവളം, നാഗ പൂവ് , പിച്ചകം ഇവ ദേവീ പൂജക്കാണ് ഉത്തമം.
ശിവന് കൂവളത്തിലയും വിഷ്ണുവിന് തുളസിയും ദേവിക്ക് കടലാടിയും ഭദ്രക്ക് കുങ്കുമപൂവും മുഖ്യമാണ്
എന്നാൽ ശിവ പൂജക്ക് മുല്ലപ്പൂവും കൈതപ്പൂവും വിഷ്ണു പൂജക്ക് ഉമ്മത്തിൻ പൂവും ദേവിക്ക് എരിക്കിൻ പൂവും , ഗണപതിക്ക് തുളസിയും സാധാരണയായി ഉപയോഗിക്കുക പതിവില്ല.
ഗണപതിക്ക് ഏറ്റവും പ്രിയം ചുവന്ന അരളിപ്പൂവ്
ചുവന്ന അരളിപ്പൂവ് ഗണേശ കുസുമം എന്നും അറിയപ്പെടുന്നു. ചുവന്ന അരളി കൊണ്ട് ഗണപതിക്ക് പുഷ്പാഞ്ജലി നടത്തിയാല്‍ സകല വിഘ്നങ്ങളും അകന്നു പോകും എന്നാണു വിശ്വാസം . തെച്ചി,ആമ്പല്‍,ചുവന്ന താമര എന്നിവയും ഗണേശ പ്രീതി കരങ്ങളായ പുഷ്പങ്ങള്‍ ആകുന്നു.