വിഷുഫലം: വരുന്ന വിഷു മുതൽ വരുന്ന ഒരു വർഷക്കാലം നിങ്ങൾക്ക് എപ്രകാരം ആയിരിക്കും?

വിഷുഫലം: വരുന്ന വിഷു മുതൽ വരുന്ന ഒരു വർഷക്കാലം നിങ്ങൾക്ക് എപ്രകാരം ആയിരിക്കും?

Share this Post

കുംഭശനി മീനവ്യാഴക്കാലം കൊല്ലവർഷം 1188-ആം ആണ്ട് മീനമാസം 31 ക്രിസ്തുവർഷം 2023 ഏപ്രിൽ 14 ഉദയാല്പരം 19 നാഴിക 42 വിനാഴികയ്ക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പകൽ 02 മണി 58 മിനിട്ടിന് തിരുവോണം നക്ഷത്രവും കൃഷ്ണപക്ഷ നവമി തിഥിയും അനക്കരണവും സാധ്യനാമ നിത്യയോഗവും ചേർന്ന സമയം മകരക്കൂറ്റിൽ കർക്കിടകലഗ്നത്തിൽ വായു ഭൂതോദയം കൊണ്ട് മേഷ സംക്രമം.

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)

ഗുരു ജന്മത്തിലും ശനി പതിനൊന്നിലും സഞ്ചരിക്കുന്ന ഒരു വർഷമാണ് വരുന്നത്. ശനിയുടെ സ്ഥിതി അനുകൂലമാണെങ്കിലും ചാരവശാൽ വ്യാഴൻ്റെ ജന്മത്തിലെ സ്ഥിതി അത്ര അനുകൂലമല്ല. അപ്രതീക്ഷിതമായ സാമ്പത്തിക നഷ്ടത്തിന് സാധ്യത ഉള്ളതുകൊണ്ട് ധനവിനിയോഗത്തിൽ ശ്രദ്ധ അനിവാര്യമാണ്.
തൊഴിൽരംഗത്ത് സ്ഥാനമാറ്റത്തിന് സാധ്യത കാണുന്നു. സ്ഥിര വരുമാനത്തിൽ കുറവ് വരികയില്ല. ശനിയുടെ അനുകൂലസ്ഥിതി ചില നേട്ടങ്ങൾ സമ്മാനിച്ചേക്കും. എന്നിരുന്നാലും തൊഴിലിടത്തെ അനാവശ്യ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കുക. അനാവശ്യ കാര്യങ്ങളില് ഇടപെടതിരിക്കുക.
സാമ്പത്തികമായി കഴിഞ്ഞ കാലത്തേക്കാൾ താരതമ്യേന മെച്ചമാണെങ്കിലും ധനനഷ്ടത്തിനു സാധ്യതയുള്ളതു കൊണ്ട് വലിയ ധനനിക്ഷേപങ്ങൾ നടത്തുമ്പോൾ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. ആരോഗ്യ കാര്യങ്ങളില് ഇടവിട്ടുള്ള ക്ലേശങ്ങൾ ഉണ്ടാകാനും സാധ്യത.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)

ഗുരു 12ലും ശനി പത്തിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. രണ്ട് ഗ്രഹങ്ങളുടെ സ്ഥിതിയും അനുകൂലമല്ലാത്തതു കൊണ്ട് എല്ലാ രംഗത്തും വെല്ലുവിളികൾ ഉണ്ടായേക്കാം. ഈ ഒരു വർഷക്കാലം സാമ്പത്തികമായും തൊഴിൽപരമായും ശ്രദ്ധ അനിവാര്യമായ സമയമാണ്. കുടുംബ ബന്ധനങ്ങളിലും വിഷമതകൾ വരാൻ ഇടയുണ്ട്. സാമ്പത്തികമായി കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്ന നേട്ടങ്ങൾ നിലനിർത്താൻ കഴിഞ്ഞേക്കാമെങ്കിലും വലിയ നേട്ടങ്ങൾക്ക് സാധ്യത കുറവാണ് . കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നിലയ്ക്കുക, അറിയാത്ത മേഖലകളിൽ സംരംഭങ്ങൾ തുടങ്ങുക തുടങ്ങിയവ ഒഴിവാക്കുക.
തൊഴിൽ രംഗത്ത് ചില പ്രതികൂല മാറ്റങ്ങൾ നേരിടേണ്ടി വന്നേക്കും. നയപരമായി ചിന്തിച്ചും പ്രാർഥനയോടെ പ്രവരത്തിച്ചും വെല്ലുവിളികളെ ഫലപ്രദമായി മാറികടക്കാൻ സാധിക്കും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഗുരു ലാഭ സ്ഥാനത്തും ശനി ഭാഗ്യസ്ഥാനത്തും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. വളരെ അനുകൂലമായ അനുഭവങ്ങൾ വരും വർഷത്തിൽ പ്രതീക്ഷിക്കാം. വളരെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കുവാന് കഴിയും. എല്ലാ രംഗത്തും പ്രശോഭിക്കാൻ കഴിയും. സാമ്പത്തികമായ അനുകൂല നേട്ടങ്ങൾ ഉണ്ടാകും. നാശമായി എന്ന് കരുതിയ ധനം തിരികെ ലഭിച്ചേക്കും. നിക്ഷേപങ്ങൾക്ക് അനുയോജ്യമായതു കൊണ്ട് കൂടുതൽ ലാഭം കിട്ടുന്ന മേഖലകൾ നിക്ഷേപിക്കുക. എങ്കിലും അമിത ആത്മവിശ്വാസം നന്നല്ല. തൊഴിൽരംഗത്ത് തടസ്സപ്പെട്ടിരുന്ന അംഗീകാരങ്ങളും സ്ഥാനക്കയറ്റവും നിങ്ങളെ തേടി വന്നേക്കും. പുതിയ പദ്ധതികൾക്ക് അധികാരികളുടെ അനുമത ലഭിക്കുവാനും സാധ്യതകാണുന്നു.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

ഗുരു പത്തിലും ശനി അഷ്ടമത്തിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. തൊഴിൽ രംഗത്തും ആരോഗ്യത്തിലും ശ്രദ്ധ പുലർത്തേണ്ട സമയമാണിത്. വിശേഷിച്ചും വ്യാഴം പത്തിൽ സഞ്ചരിക്കുന്ന സമയമകയാൽ തൊഴിലിൽ സവിശേഷ ജാഗ്രത പുലർത്തണം. സാമ്പത്തികമായി വലിയ പ്രതിസന്ധികൾ ഉണ്ടായേക്കില്ലെങ്കിലും നീക്കയിബാക്കി കുറയും. ആരോഗ്യ സംബന്ധമായ വൈദ്യ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. കൃത്യമായ ഔഷധസേവ, വ്യായാമം മുതലായവ ചെയ്യേണ്ടതാണ്. തൊഴിൽ രംഗത്ത് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. സ്ഥാനമാറ്റമോ സ്ഥലമാറ്റമോ ഉണ്ടായേക്കും. കടുത്ത അധ്വാനത്തിലൂടെ മാത്രമേ വിചാരിച്ച വിജയം കൈവരിക്കാനാവൂ. ദാമ്പത്യ ജീവിതം അത്ര സുഖകരമാകണമീനില്ല. എന്നാൽ അവിവാഹിതർക്ക് പ്രണയ കാര്യങ്ങളിൽ വിജയം പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ഗുരു ഒൻപതിനും ശനി ഏഴിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. കഴിഞ്ഞ കാലത്തേക്കാൾ അനുകൂല സമയമാണിത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങളിലൂടെയും ഊഹ കച്ചവടത്തിലൂടെയും ലാഭം ഉണ്ടായേക്കാം. എന്നിരുന്നാലും അറിയാത്ത മേഖലകളിൽ ധനം നിക്ഷേപിക്കരുത്.
തൊഴിൽ രംഗത്ത് അംഗീകാരങ്ങളും ഉദ്യോഗക്കയറ്റവും ലഭിച്ചേക്കാം. പുതിയ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചേക്കും. സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബന്ധു സഹായം ലഭ്യമാകും. ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് പല കാര്യങ്ങളും ദീർഘ വീക്ഷണത്തോടെ ആസൂത്രണം ചെയ്യും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിലും മത്സരങ്ങളിലും നിർണ്ണായകമായ വിജയം ഉണ്ടാകും.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ഗുരു അഷ്ടമത്തിലും ശനി ആറിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. ശനിയുടെ സ്ഥിതി വളരെ അനുകൂലമാണെങ്കിലും ഗുരുവിനെ അഷ്ടമസ്ഥിതി തീരെ അനുകൂലമല്ല. ധനസ്ഥിതിയ്ക്ക് വലിയ ദോഷമില്ലെങ്കിലും നിക്ഷേപങ്ങൾക്ക് പറ്റിയ സമയമല്ലിത്. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുക. അസുഖം ബാധിച്ചവർ കൃത്യമായ ഔഷധസേവയും വൈദ്യസഹായവും തേടുക. അസുഖങ്ങൾ ഇല്ലെങ്കിലും വൈദ്യപരിശോധന നടത്തി ആവശ്യമായ ചികിത്സ തുടങ്ങാവുന്നതാണ്. തൊഴിൽരംഗത്ത് ശത്രുക്കൾ നിഷ്പ്രഭരാകുമെങ്കിലും പല പദ്ധതികളിലും നിശ്ചലാവസ്ഥ അനുഭവപ്പെട്ടേക്കാം. കഠിനമായ പ്രയത്നം എല്ലാമേഖലയിലും വേണ്ടിവന്നേക്കും. തൊഴിലിൽ വലിയ പ്രതിസന്ധികൾക്ക് സാധ്യതയില്ല. കുടുംബപരമായും വലിയ ദോഷങ്ങൾ കാണുന്നില്ല. നയന സംബന്ധമായ വ്യാധികൾക്കു സാധ്യത കൂടുതലാണ്.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഗുരു ഏഴിലും ശനി അഞ്ചിലും സഞ്ചരിക്കുന്ന സമയമാണിത്. കഴിഞ്ഞ കാലത്തേക്കാൾ വളരെ അനുകൂലമായ സ്ഥിതിയാണ് വരുന്നത്. കുറച്ചുകാലമായി അനുഭവിച്ചിരുന്ന പ്രതികൂല അവസ്ഥയ്ക്ക് സമാധാനം ഉണ്ടാകും. കുടുംബ അന്തരീക്ഷം സന്തോഷകരമാകും. മറ്റു വ്യക്തികളുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സാമ്പത്തിക രംഗത്തു മോശമല്ലാത്ത ഉയർച്ചയുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിച്ചേക്കും. എന്നിരുന്നാലും അറിയാത്ത മേഖലയിൽ ധനം നിക്ഷേപിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. തൊഴിൽരംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. കലാകാരന്മാർക്കും പൊതു പ്രവർത്തകർക്കും അംഗീകാരങ്ങൾ, പുരസ്‌കാരങ്ങൾ മുതലായവ തേടി വന്നേക്കും. ശമ്പളവർദ്ധനയും പ്രതീക്ഷിക്കാവുന്നതാണ്.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ഗുരു ആറിലും ശനി നാലിലും സഞ്ചരിക്കുന്ന ഈ സമയം വെല്ലുവിളി നിറഞ്ഞതായിരിക്കും. എല്ലാ മേഖലകളിലും തടസ്സങ്ങളും തിരിച്ചടികളും വരാൻ ഇടയുള്ളതിനാൽ ജാഗ്രതയും കരുതലും പുലർത്തി അതിജീവിക്കാൻ ശ്രമിക്കണം. ശത്രുക്കളെ പരാജയപ്പെടുത്താൻ കഴിയും.നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യത ഉള്ളതുകൊണ്ട് നിക്ഷേപങ്ങളിൽ ധനം മുടക്കരുത്. കടം കൊടുക്കുക, വാങ്ങുക, ജാമ്യം നിൽക്കുക, ഊഹക്കച്ചവടങ്ങളിൽ പണം മുടക്കുക എന്നിവ ചെയ്യാതിരിക്കുക. ഭാഗ്യ പരീക്ഷണങ്ങൾക്കും സമയം അനുകൂലമല്ല. പലതരത്തിലുള്ള വെല്ലുവിളി നേരിടേണ്ടി വന്നേക്കും, ഈശ്വര വിശ്വാസത്തോടെയും പ്രാർത്ഥനയുടെയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുക. വർഷ മധ്യത്തിനു ശേഷം കാര്യങ്ങൾ കുറേക്കൂടെ അനുകൂലമാകുകതന്നെ ചെയ്യും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ഗുരു അഞ്ചിലും ശനി മൂന്നിലും സഞ്ചരിക്കുന്ന ഈ കാലം വളരെ അനുകൂലമാണ്. കുറച്ചുകാലമായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരം കണ്ടെത്തുവാൻ സാധിക്കും. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും. ആഗ്രഹിച്ച യാത്രകളും ദേവാലയ ദർശനങ്ങളും സാധ്യമാകും. മന സമ്മർദം കുറയും.
സാമ്പത്തികമായും ഉന്നതി കൈവരിക്കാൻ സാധിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന ധനമോ വിലപ്പെട്ട വസ്തുക്കളോ തിരികെ ലഭിച്ചേക്കാം. നിക്ഷേപങ്ങൾക്ക് അനുകൂല സമയമാണ്. ഭൂമി ഇടപാടുകളിൽ ലാഭം സിദ്ധിക്കും. വ്യാപാര രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. തൊഴിൽ രംഗത്തു ഉദ്യോഗ കയറ്റമോ ശമ്പള വർദ്ധനവോ പ്രതീക്ഷിക്കാവുന്നതാണ്. വിദേശ യാത്രയ്ക്കുള്ള തടസ്സങ്ങൾ അകലും. സന്താനങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ അവസരം ഉണ്ടാകും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഗുരു നാലിലും ശനി രണ്ടിലും സഞ്ചരിക്കുന്ന സമയമാണിത്. ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം. കഴിഞ്ഞ കാലത്തേക്കാൾ അനുകൂലമാണെങ്കിലും എല്ലാ മേഖലയിലും കൂടുതൽ ശ്രദ്ധ അനിവാര്യമാണ്. ധന വൈഷമ്യത്തിൽ കുറച്ച് ആശ്വാസം ഉണ്ടാവുമെങ്കിലും അപ്രതീക്ഷിത ചിലവ് സാമ്പത്തിക നീക്കിബാക്കി കുറയ്ക്കും. വലിയ ധനനിക്ഷേപങ്ങൾക്ക് അനുകൂല സമയമല്ല. ഓഹരി വിപണിയിൽ നിന്നും ഊഹക്കച്ചവടത്തിൽ നിന്നും അകന്നുനിൽക്കുക. തൊഴിൽ രംഗത്ത് ഇപ്പോഴത്തെ സ്ഥിതി തുടരുന്നതാണ് നല്ലത്. സ്ഥാനമാറ്റവും സ്ഥലമാറ്റവും ഗുണകരമായിക്കൊള്ളണമെന്നില്ല. പ്രശ്നങ്ങളെ വലുതാക്കാതെ തുടക്കത്തിൽ തന്നെ പരിഹാരം കണ്ടു മുന്നേറുക. വരുന്നതു വരട്ടെ എന്ന ചിന്താഗതി ദോഷം ചെയ്യും. കുടുംബത്തിലെ പ്രശ്നങ്ങൾ മുതിർന്നവർക്കുമായി ചർച്ച ചെയ്തു തുടക്കത്തിലേ പരിഹരിക്കുക.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ഗുരു മൂന്നിലും ശനി ജന്മത്തിലും സഞ്ചരിക്കുന്ന ഈ വർഷം വളരെ ശ്രദ്ധ വേണ്ട സമയമാണ്. എല്ലാ മേഖലകളിലും തിരിച്ചടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആത്മവിശ്വാസം കൈവിടാതെ മുന്നേറുക.
ധനസ്ഥിതി വളരെ പ്രതികൂല അവസ്ഥയായിരിക്കും. ചിലവ് നിയന്ത്രിക്കാൻ സാധിക്കാതെ അവസ്ഥ വന്നേക്കും. നിക്ഷേപങ്ങൾ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ജാമ്യം നിൽക്കുക, കടം കൊടുക്കുക എന്നിവ ചെയ്യാതിരിക്കുക. ആരോഗ്യപരമായും ക്ലേശങ്ങൾ പ്രതീക്ഷിക്കണം. ഔഷധ സേവയും വ്യായാമവും മറ്റും ഒഴിവാക്കരുത്. തൊഴിൽ രംഗത്ത് പല പ്രശ്നങ്ങളും വന്നേക്കാം. അവയെല്ലാം വെല്ലുവിളികളായി ഏറ്റെടുത്ത് സമചിത്തതയോടെ പരിഹരിച്ച് മുന്നോട്ടു പോവുക. അനാവശ്യ വാക്കുതർക്കങ്ങൾ ഒഴിവാക്കുക. നിയമ നടപടികളിലേക്ക് പോകാതെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രദ്ധിക്കണം. കുടുംബ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. വിദേശത്തു പോകാൻ ശ്രമിക്കുന്നവർക്ക് ആഗ്രഹസാദ്ധ്യം ഉണ്ടാകാം.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ഗുരു രണ്ടിലും ശനി 12 സഞ്ചരിക്കുന്ന ഈ സമയം ഗുണദോഷസമ്മിശ്രമായിരിക്കും. വരവും ചിലവും തുല്യമാകുവാൻ സാധ്യതയുണ്ട്.ധനസ്ഥിതി കഴിഞ്ഞ കാലത്തേക്കാൾ മികച്ചതായിരിക്കും. നിക്ഷേപങ്ങൾ നടത്തുന്നത് വേണ്ടത്ര ആലോചനയുടെ ആയിരിക്കണം. കിട്ടാനുളള ധനം വന്നു ചേരാൻ സാധ്യത കാണുന്നു.
തൊഴിൽരംഗത്ത് അംഗീകാരങ്ങൾ ലഭിക്കും.വരുമാനത്തിൽ വർധന പ്രതീക്ഷിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പൊതുവിൽ നല്ല വർഷമായിരിക്കും. തൊഴിലിനു ശ്രമിക്കുന്നവർക്കും നിരാശപ്പെടേണ്ടി വരില്ല. കച്ചവടം, വ്യാപാരം എന്നിവയിൽ നിന്നും വരുമാനം വർധിക്കും. കുടുംബത്തിൽ നിന്നും അകന്നു കഴിയേണ്ട സാഹചര്യങ്ങൾ വരാവുന്നതാണ്.


Share this Post
Astrology Predictions