ഞായറാഴ്ച രാഹുകാലത്തിൽ ഈ ശ്ലോകം ജപിച്ചാൽ ഏതു ദുരിതങ്ങളും അകലും..

ഞായറാഴ്ച രാഹുകാലത്തിൽ ഈ ശ്ലോകം ജപിച്ചാൽ ഏതു ദുരിതങ്ങളും അകലും..

ഈ ശ്ലോകം ഞായറാഴ്ചതോറും രാഹുകാലവേളയില്‍ ജപിച്ചാല്‍ ശരഭമൂര്‍ത്തിയുടെ അനുഗ്രഹത്താല്‍ ദുഃഖങ്ങളും ദുരിതങ്ങളും ഭവനത്തിലെ ദോഷങ്ങളും അകലുന്നതോടൊപ്പം ദുഷ്ടശക്തികള്‍, ആഭിചാര ദോഷങ്ങൾ, ദൃഷ്ടി ദോഷം മുതലായവ മൂലമുള്ള ദുഃഖവും രോഗങ്ങളും അകലുമെന്നും പരിശ്രമങ്ങളില്‍ വിജയം നേടാനാവുമെന്നുമാണ് വിശ്വാസം.

“ഹരായ ഭീമായ ഹരിപ്രിയായ
ഭവായ ശാന്തായ പരാത്പരായ
മൃഡായ രുദ്രായ ത്രിലോചനായ
നമസ്തുഭ്യം ശരഭേശ്വരായ”

ആരാണ് ശരഭേശ്വരൻ?.

ലോക ക്ഷേമത്തിന് വേണ്ടി ശ്രീ പരമശിവ മഹാദേവൻ എടുത്തിട്ടുള്ള അവതാരരൂപങ്ങൾ അനവധിയാണ്. പ്രധാനപ്പെട്ട 64 ൽ പരം ശിവ വേഷങ്ങൾ (അഷ്ടാഷ്ടമൂർത്തങ്ങൾ ) പ്രചൂര പ്രചാരം നേടിയവയുമാണ്. അതിൽ പെട്ട ശ്രീ ശരഭേശ്വരന്റെ അവതാരം എന്തുകൊണ്ടും അതീവ പ്രാധാന്യമുള്ള ഒന്നാണ്.

ശരഭപൂജയെക്കുറിച്ചും ശരഭേശ്വരന്റെ മഹിമകളെ കുറിച്ചും സ്കന്ദപുരാണം,’ കാഞ്ചി പുരാണം, ശരഭ ഉപനിഷത്ത് മുതലായ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.

അവതാരലക്ഷ്യം.

പരമസാത്വീകനും ലോകരക്ഷകനുമായ ശ്രീമന്നാരായണൻ നരസിംഹാവതാരപ്പെടുത്ത കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ – അവതാര ലക്ഷ്യം പൂർത്തികരിക്കുന്നതിന് ഹിരണ്യകശ്യപുവിനെ വധിച്ച് രക്തം കുടിച്ചതിനാൽ നരസിംഹത്തിൽ രജോഗുണം അധികരിച്ച് അതി ഭയങ്കരനായി മാറി.

ഉഗ്രനേത്രങ്ങളും വജ്രം പോലെ കുർത്ത നഖങ്ങളും ഖട്ഗം പോലെ നീണ്ടു കിടക്കുന്ന ജിഹ്വയും ദംഷ്ട്രങ്ങളും ഉള്ള ഘോരരൂപം കോപമടങ്ങാതെ ഗർജ്ജനം പുറപ്പെടുവിക്കുകയാണ്. ഈ കോപം കണ്ട് ലോകം തന്നെ അവസാനിച്ചു പോകുമെന്ന് കണ്ട് ബ്രഹ്മദേവനും, മഹാലക്ഷ്മിയും ,മറ്റു ദേവന്മാരും ഭയന്ന് മഹേശ്വരനെ അഭയം പ്രാപിച്ചു.

കരുണാമയനായ ശിവൻ വീരഭദ്രനെ അയച്ചു. എന്നാൽ നരസിംഹ മുർത്തിയെ കണ്ട് വീരഭദ്രൻ വല്ലാതെ ഭയന്നു. സ്വയരക്ഷാർത്ഥം മഹേശ്വരനെ തന്നെ സ്മരിച്ചു. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് മഹാദേവൻ സൂര്യകോടി തേജസ്സോടെ ഒരു ജ്യോതിസ്വരൂപമായി വിരഭദ്ര ശരീരത്തിൽ ലയിച്ചു.

തുടർന്ന് മഹേശ്വരൻ പക്ഷിയും മനുഷ്യനും, മൃഗവും ചേർന്നുള്ള ഒരു മഹാ ഭയങ്കര രൂപമായി മാറി. ആ ഭയങ്കര ഭാവത്തിന് രണ്ടു മുഖങ്ങളും, നാലു കൈകളും, എട്ടു കാലുകളും, രണ്ട് ചിറകുകളും, മൂർച്ചയേറിയ നഖങ്ങളും, നീണ്ട വാലും, ഗരുഡന്റത് പോലുള്ള മൂക്കും, കാളിയുടെ പോലെയുള്ള ദംഷ്ട്രയും, സൂര്യ-ചന്ദ്ര -അഗ്നിനേത്രങ്ങളും, മാൻ, മഴു, സർപ്പം ‘തീ ഇവയെ ധരിച്ചു കൊണ്ടും ആകെകൂടി ഒരു വിചിത്ര രൂപമായി, ശരഭേശ്വരനായി ‘

ശരഭേശ്വരന്റെ ചിറകുകൾ രണ്ടും ഭദ്രകാളിയും ദുർഗ്ഗയുമാണ്‌.ഭദ്രകാളി പ്രത്യംഗിരയും, ദുർഗ്ഗ ശൂലിനിയുമായി തീർന്നു.
ശരഭ പക്ഷിയായി പറന്നു വന്ന ശരഭേശ്വരന്റെ നിഴലും ചിറകടിയുടെ കാറ്റും ഏറ്റപ്പോൾ തന്നെ നരസിംഹ മൂർത്തിയുടെ ഉഗ്രത കുറഞ്ഞു തുടങ്ങി.

പതിനെട്ട് ദിവസം പല തരം ഉപായങ്ങളാൽ നരസിംഹമൂർത്തിയുടെ അഹങ്കാരം തണുക്കുന്നതിന് വേണ്ടി ശ്രമിച്ച ശരഭേശ്വരൻ ഒടുവിൽ നരസിംഹമൂർത്തിയുടെ കോപമടക്കി. ഉഗ്ര നരസിംഹൻ ലക്ഷ്മീ നരസിംഹനായി. യോഗ നരസിംഹനായി, ശാന്തസ്വരുപനായി മാറി.

മഹാവിഷ്ണു 18 ശ്ലോകങ്ങൾ കൊണ്ട് ശരഭേശ്വരനെ സ്തുതിച്ചു. ശരഭേശ്വരൻ സകല ശത്രുസംഹാരകനാണ്. ശരഭ ശക്തികളായ പ്രത്യംഗീരയും, ശുലിനിയും ഭൂത – പ്രേത – പിശാചുക്കളാലും ശത്രുക്കളാലും രോഗങ്ങൾ കൊണ്ടും, ക്ഷുദ്ര ആഭിചാരങ്ങൾ കൊണ്ടും ഉണ്ടാകുന്ന പീഡകളെയും, മറ്റും അകറ്റി ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നതാണ്.

ശിവൻ, വിഷ്ണു, കാളി, ദുർഗ്ഗ എന്നീ നാലു ദേവതകൾ അടങ്ങിയ ശിവനാണ് വാസ്തവത്തിൽ ശരഭേശ്വരൻ. വിശ്വ പ്രശസ്തമായ ഏറ്റുമാനൂർ ക്ഷേത്രത്തിൽ രൗദ്ര ഭാവത്തിലുള്ള പരമശിവൻ ആണ് മുഖ്യ പ്രതിഷ്ഠയെങ്കിലും രാവിലെ അഘോരമൂർത്തി, വൈകുന്നേരം ശരഭമൂർത്തി, അത്താഴപൂജക്ക് ശിവശക്തി സങ്കല്പത്തിലും ആണ് ആരാധന നടത്തുന്നത്.

Image
Specials