ജന്മ നക്ഷത്രവും സ്ത്രീ സ്വഭാവവും

ജന്മ നക്ഷത്രവും സ്ത്രീ സ്വഭാവവും

Share this Post

നക്ഷത്രഫലങ്ങൾ സ്ത്രീക്കു പുരുഷനും പൊതുവായാണ് പറയാറുള്ളതെങ്കിലും ചില കാര്യങ്ങളിൽ പുരുഷനും സ്ത്രീയും വ്യത്യാസപ്പെട്ടിരിക്കുന്നു. ജന്മ നക്ഷത്രപ്രകാരം സ്ത്രീകളിലുണ്ടാകാവുന്ന ഗുണദോഷ ഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ജന്മനക്ഷത്രം കൊണ്ടു മാത്രം ഒരാളുടെ സ്വഭാവം വിലയിരുത്തുക അസാധ്യമാണ്. അതിനു സൂക്ഷ്മമായ ജാതക പരിശോധന ആവശ്യമാണ്. എങ്കിലും നക്ഷത്രങ്ങളുടെ ചില പൊതു സ്വഭാവങ്ങൾ സ്വഭാവത്തിൽ നിഴലിക്കുക തന്നെ ചെയ്യും..

അശ്വതി

അശ്വതി നക്ഷത്രക്കാരായ സ്ത്രീകള്‍ സുന്ദരികളായിരിക്കും. സാമ്പത്തികമായി ശോഭിക്കുന്ന ഇവര്‍ക്ക് നന്നായി പെരുമാറാനറിയാം. കൂടാതെ തികഞ്ഞ ഭക്തരുമായിരിക്കും ഈ നക്ഷത്രത്തിലെ സ്ത്രീകള്‍. നിറഞ്ഞ സൗന്ദര്യം തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. ബുദ്ധിശക്തി, വിവേചനാധികാരം, മറ്റുള്ളവരിൽ നിന്നും അകലം പാലിച്ച് ജീവിക്കുക, പെട്ടെന്ന് തീരുമാനമെടുക്കുക എന്നീ സ്വഭാവങ്ങൾ ഇവരെ വ്യത്യസ്തരാക്കുന്നു.ഒരിക്കൽ തീരുമാനിച്ചാൽ പിന്നീട് എത്ര ശ്രമിച്ചാലും ഇവരുടെ തീരുമാനങ്ങളെ തിരുത്താൻ കഴിയില്ല. സ്വന്തം അഭിപ്രായത്തിൽ ഉറച്ചുനിന്നു അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന സ്വഭാവം അശ്വതി നക്ഷത്രക്കാര്‍ക്കുണ്ട്.

ഭരണി

ഭരണി നക്ഷത്രക്കാരായ സ്ത്രീകള്‍ പൊതുവെ പിടിവാശി കൂടുതലുള്ളവരാണ്. മേധാവിത്വസ്വഭാവമുള്ള ഇവര്‍ ഭര്‍തൃകുടുംബവുമായി ഒത്തു പോകാത്തവരും സ്വന്തം കുടുംബത്തിന് പ്രാധാന്യം നല്‍കുന്നവരുമാണ്. ചഞ്ചല ഹൃദയരായ ഇക്കൂട്ടര്‍ സ്വന്തം മാതാപിതാക്കളെ സംരക്ഷിയ്ക്കുന്നതിൽ മുൻപന്തിയിലായിരിക്കും. സ്വയം പുകഴുത്തുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്.. ക്രമത്തിൽ രണ്ടാമനാണെങ്കിലും ആരുടേയും മുന്നിൽ രണ്ടാമതാകാൻ ഇഷ്ടപ്പെടില്ല. ഭരണി നക്ഷത്രക്കാരായ സ്ത്രീകൾ തൻ്റേടികളാണെന്നാണ് പൊതുവേ പറയാറുള്ളത്.

കാർത്തിക

കാര്‍ത്തിക നക്ഷത്രത്തിലെ സ്ത്രീകള്‍ പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്ക് പ്രധാന്യം കൊടുക്കില്ല. അഹങ്കാരവും കലഹസ്വഭാവവുമള്ളവരാണിവര്‍. അതേ സമയം സമൂഹത്തില്‍ ഇവര്‍ക്കു സ്ഥാനവും ലഭിക്കും. ജീവിതത്തില്‍ എല്ലാ വിധത്തിലും സുഖ സൗകര്യങ്ങൾ ഇക്കൂട്ടര്‍ക്ക് ലഭിയ്ക്കും . കാണാൻ ഭംഗിയുള്ള വസ്തുക്കളിൽ വലിയ ആകർഷണമാണിവർക്ക്. ഒരു കാര്യത്തിലും മുന്നോട്ട് ചാടിയിറങ്ങാറില്ല. ഭാവിയെക്കുറിച്ച് വലുതായി ചിന്തിക്കാനിവർക്കറിയുകയില്ല. വലുതായി കാണുന്ന തടസ്സങ്ങളും മംഗളമായി കലാശിക്കും. വിരോധികൾ മിത്രങ്ങളായി ഭവിക്കും.

രോഹിണി

രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ സൗന്ദര്യത്തില്‍ മുന്‍പന്തിയിലാകും. കുടുംബസ്‌നേഹമുള്ളവരും നല്ല സ്വഭാവഗുണമുള്ളവരുമാകും ഇവര്‍. സാമ്പാദ്യശീലം ഈ നക്ഷത്രത്തിലെ സ്തീകളുടെ മുഖമുദ്രയാണ്, രോഹിണി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകൾ ഈശ്വര വിശ്വാസം കൂടുതലുള്ളവരാകും. കൂടാതെ വളരെ വികാരപരമായി പെരുമാറുകയും ചെയ്യും.നേരെ പറയുന്ന കാര്യങ്ങൾ പോലും ഇവർ അൽപ്പം ഭാവന കലർത്തി മാത്രമേ മനസ്സിലാക്കുകയുള്ളൂ. വളരെ ആകർഷകമായ വ്യക്തിത്വം കാത്തുസൂക്ഷിക്കും. ഏതുതൊഴിലും ആത്മാർത്ഥമായി മനസ്സിരുത്തി ചെയ്യും. മടുപ്പില്ലാതെ പ്രവർത്തിക്കും.

മകയിരം

മകയിരം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സൗന്ദര്യമുള്ളവരും മധുരമായി സംസാരിയ്ക്കുന്നവരുമാകും. ആഭരണത്തോട് കമ്പമുള്ള ഇവര്‍ക്ക് സൽസന്താനഭാഗ്യമുള്ളവരാണ്. സ്വന്തം വീട്ടിലെന്ന പോലെ ഭര്‍ത്തൃവീട്ടിലും സ്‌നേഹത്തോടെ പെരുമാറും. ആചാരങ്ങളും അനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കുന്ന കൂട്ടരാണ് മകയിരം നക്ഷത്രക്കാരായ സ്ത്രീകൾ, ഇത്തരം സ്ത്രീകള്‍. സൗമ്യമനസ്സാണിവര്‍ക്ക്, യാത്രകൾ ഇഷ്ടപ്പെടുന്നവരായിരിക്കും, എപ്പോഴും രോഗങ്ങൾ ഇവരെ അലട്ടും. ആഡംബരങ്ങൾ ഇഷ്ടപ്പെടുന്നവരും കാര്യങ്ങൾ തെറ്റുകൂടാതെ ചെയ്യാൻ കഴിയുന്നവരും, കുടുംബത്തിൽ അന്തഃച്ഛിദ്രം ഉള്ളവരും കണക്കിൽ കണിശക്കാരുമായിരിക്കും മകയിരം നക്ഷത്രക്കാരായ സ്ത്രീകൾ

തിരുവാതിര

ബുദ്ധിയുള്ളവരാകും തിരുവാതിരക്കാരായ സ്ത്രീകള്‍. എന്നാല്‍ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിയ്ക്കുന്ന സ്വഭാവക്കാരാണിവര്‍. മറ്റുളളവരെ സഹായിക്കുന്നതിൽ എന്നും മുൻപന്തിയിലായിരിക്കും.ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളവര്‍ കൂടിയാണ് ഇവര്‍. ആർദ്ര, ആതിര എന്നീ പേരുകളിലും അറിയപ്പെടുന്നു. ആകാശത്തിൽ നഗ്നനേത്രത്താൽ കാണാവുന്ന നക്ഷത്ര സമൂഹം കൂടിയാണ് തിരുവാതിര.രുദ്ര ശിവനാണ് ഇവരുടെ ദേവത.. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയിക്കാൻ ഏതറ്റം വരെയും പോകുന്ന സ്വഭാവക്കാരാണ്. ഇഷ്ടജനങ്ങളെ സഹായിക്കാനുള്ള അമിത താല്പര്യം കാരണം മറ്റുള്ളവർക്ക് ഇവരെ സഹായിക്കുവാൻ താല്പര്യമാണ്. ഇവരുടെ വിവാഹ ജീവിതം അത്ര മെച്ചമായിരിക്കില്ല.

പുണർതം

പുണര്‍തം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് തര്‍ക്കസ്വഭാവം കൂടുതാണ്. ഇതുകൊണ്ടുതന്നെ ബന്ധുക്കളുമായി തര്‍ക്കിയ്ക്കും. എന്നാല്‍ പുറത്തുള്ളവരോട് നല്ല രീതിയില്‍ പെരുമാറും. പൊതുവെ ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നല്ല ഭര്‍ത്താവിനെ ലഭിക്കാറുണ്ട്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളവര്‍ കൂടിയാണ് ഇവര്‍. ഭര്‍ത്താവിനോട് അടുപ്പം സൂക്ഷിയ്ക്കുന്ന പുണര്‍തം നക്ഷത്രക്കാരായ സ്ത്രീകൾ എല്ലാ സുഖങ്ങളും ജീവിതത്തില്‍ നേടുന്നവര്‍ കൂടിയാണ്. വിനയം, സൗമ്യത, പെട്ടെന്ന് പിടികൊടുക്കാത്ത സ്വഭാവം. കല, സാഹിത്യാദികളിൽ ഇഷ്ടം കൂടുതലായിരിക്കും, ഉന്നതസ്ഥാനത്തിനായുള്ള ആഗ്രഹം,നേടിയെടുക്കാനുള്ള കഴിവ്, വാദപ്രതിവാദങ്ങളിൽ ഉരുളക്കുപ്പേരി എന്ന കണക്കിൽ മറുപടി കൊടുക്കൽ എന്നിവ ഇവരുടെ സ്വഭാവ സവിശേഷതകളാണ്.

പൂയ്യം

പൂയം വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ കര്‍ക്കശക്കാരായിരിക്കും. മനസില്‍ എപ്പോഴും ഇവര്‍ക്ക് ദുഃഖമായിരിക്കും. എടുത്തുചാട്ടം കൂടുതലമായ ഇവര്‍ക്ക് ദാമ്പത്യസുഖം കുറവാകും. സഹോദരങ്ങളോട് സ്‌നേഹമുള്ള പ്രകൃതമാണ് ഇവരുടേത്. പുഷ്യം എന്നും നാമകരണമുണ്ട്. ഒരു പ്രതലത്തിൽ കുടഞ്ഞെറിഞ്ഞ വെള്ളത്തുള്ളികൾ പോലെ കർക്കിടകരാശിയിൽ വാൽക്കണ്ണാടി രൂപത്തിൽ ആകാശത്തിൽ നിലകൊള്ളുന്ന 8 നക്ഷത്രങ്ങൾ ചേർന്ന രൂപമാണ് പൂയ്യം. പരിശ്രമശാലികളും മികച്ച വ്യക്തിത്വത്തിനുടമകളുമായിരിക്കും. ആമയുടെയും ഞണ്ടിൻ്റേയും സ്വഭാവത്തോടുകൂടിയവരാണ്. ഏതു കാര്യത്തിലും അൽപ്പം മടിച്ചു നിന്നിട്ടേ മുന്നിലേക്ക് വരികയുള്ളൂ. കുലീന സ്വഭാവത്തിനുടമയായിരിക്കും. അന്ധവിശ്വാസത്തിനടിമപ്പെടാതെ യുക്തിസഹമായി പ്രവർത്തിച്ചു പോകും.

ആയില്യം

ആയില്യം സ്വഭാവത്തില്‍ പെട്ട സ്ത്രീകള്‍ക്ക് കലഹിക്കുന്ന പ്രകൃതമായിരിക്കും. കുടുംബത്തില്‍ ആധിപത്യം പുലര്‍ത്താന്‍ താല്‍പര്യപ്പെടുന്ന ഇക്കൂട്ടര്‍ സ്വന്തം ഇഷ്ടത്തിനു മാത്രം പ്രവര്‍ത്തിയ്ക്കുന്നവരാണ്. പെട്ടെന്നു ദേഷ്യം വരുന്ന കൂട്ടത്തിലാണ് ഇവര്‍, ഇവര്‍. ആശ്ലേഷ എന്നും പേരുണ്ട്. സ്വന്തം കാര്യം സിന്ദാബാദ് എന്ന പ്രകൃതക്കാരാണ്. കാര്യ സാധ്യത്തിന് ഏത് മാർഗ്ഗവും സ്വീകരിക്കും. ആരെയും വിശ്വസിക്കില്ല. താൻ ഇഷ്ടപ്പെടുന്നിടത്ത് അടുക്കും ചിട്ടയും വേണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമാണ്.. ഇഷ്ടജനങ്ങൾക്കായി എന്തും ചെയ്തു നൽകും.

മകം

മകം പിറന്ന മങ്ക എന്നാണ് പൊതുവേ പറയാറുള്ളത്. സുഖമേറെ അനുഭവിയ്ക്കാന്‍ യോഗമുള്ള നക്ഷത്രക്കാരാണ് ഇവര്‍. സാമ്പത്തികമായി ഭാഗ്യമുള്ള ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതക്കാരുമാണ്. കൂടാതെ ദൈവവിശ്വാസികളും ആചാരങ്ങളില്‍ വിശ്വസിയ്ക്കുന്നവരുമാണ്. പൊതുവേ ജീവിത സുഖം ലഭിയ്ക്കുന്ന നക്ഷത്രക്കാരാണ് എന്ന് പറയാം. എന്നാൽ ആത്മാഭിമാനവും, ദുരഭിമാനവും ഉള്ളവരാണ്. ഇവരെ വിശ്വസിക്കാൻ കഴിയില്ല. ക്ഷിപ്രകോപികളാണ്. ഏറ്റെടുക്കുന്ന ജോലികൾ എന്തു ത്യാഗം സഹിച്ചും ചെയ്തുതീർക്കും.

പൂരം

പൂരം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ ഭാഗ്യവതികളാണ്. നല്ല സന്താനഭാഗ്യമുള്ള ഇവര്‍ നല്ല പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരുമാണ്. ഉറച്ച തീരുമാനങ്ങളുള്ള ഇവര്‍ക്ക് സമ്പദ്ഭാഗ്യവും ഉണ്ടായിരിയ്ക്കും. പൂർവ്വ ഫാൽഗുണമെന്നും പേരുണ്ട്. മുപ്പൂരം, ത്രിയത്തിലെ ഒന്നാമനും, കഴിവിനെ സൗന്ദര്യമാക്കി മാറ്റാനും കഴിവുള്ള വിജ്ഞാനികളാണ് ഇവര്‍. ആജ്ഞാശക്തി, നേതൃഗുണം, ലളിതകലകൾ എന്നിവയിൽ കഴിവു തെളിയിച്ചവരായിരിക്കും. അഭിമാനം വ്രണപ്പെട്ടാൽ സഹിക്കുന്നവരല്ല ഇവർ. ഏറ്റെടുക്കുന്ന ജോലി ഏതായാലും കഠിനപ്രയത്നത്തിലൂടെ അങ്ങേയറ്റമെത്തിക്കാൻ ശ്രമിക്കും.

ഉത്രം

തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന തരത്തിലെ സ്ത്രീകളാകും ഉത്രം നക്ഷത്രത്തില്‍ ഉൾപ്പെട്ടവര്‍. അധികാരസ്വഭാവം കൂടുതലായ ഇവര്‍ക്കു ധൈര്യവും തന്നിഷ്ടവും കൂടുതലുമാണ്. പിടിവാശിക്കാരായ ഇവര്‍ ഉറച്ച മനസിൻ്റെ ഉടമകളുമായിരിയ്ക്കും. വാക്‍ചാതുരി കൊണ്ട് ആളുകളെ കയ്യിലെടുക്കാന്‍ കഴിവുള്ള കൂട്ടരുമാണ് ഇവര്‍. ഉത്തരഫാൽഗുനി എന്നാണ് മുഴുവൻ പേര്. പുരുഷ സ്വഭാവമാണ് മുന്നിട്ടു നിൽക്കുന്നത്. വലിയ അഭിമാനികളാണ്. കഠിന പ്രയത്നത്തിലൂടെ ഘട്ടം ഘട്ടമായി മുന്നേറും. നീതിവിട്ടൊരു കാര്യം ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ട. മികച്ച നേതൃപാടവം ഇവരുടെ പ്രത്യേകതയാണ്, ഉദ്ദേശകാര്യം നടത്തിക്കാനുള്ള കഴിവ് അപാരമയിരിക്കും. ആത്മീയതയാണ് ഇവരുടെ മുഖമുദ്ര.

അത്തം

അത്തം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ എല്ലാ കാര്യത്തിലും സമർത്ഥരായിരിക്കും. പെണ്ണത്തം പൊന്നത്തം എന്നാണ് പൊതുവെ പറയുക. അത്തം നക്ഷത്രക്കാരായ സ്ത്രീകള്‍ സൗന്ദര്യവതികളും വിദ്യാസമ്പന്നരുമാകും. സ്വന്തം കാലില്‍ നില്‍ക്കുന്നവര്‍. വിവാഹ ശേഷമാണ് ഇവര്‍ക്കു കൂടുതല്‍ ഉയര്‍ച്ചയുണ്ടാകുക. ഹസ്തയെന്നും അറിയപ്പെടുന്നു. ഏതു കാര്യത്തിലും സ്വന്തം അഭിപ്രായം പുലർത്തുന്നവരാണ്. മറ്റുള്ളവരെ ഉള്ളു തുറന്നു അംഗീകരിക്കുന്നതിൽ വിമുഖരായിരിക്കും. പുറമെ പൊട്ടിത്തെറിക്കുകയും എടുത്തുചാടുകയും ചെയ്യുമെങ്കിലും ഉള്ളിൽ വളരെ ശാന്തരായിരിക്കും. കബളിപ്പിക്കാൻ ശ്രമിക്കുന്നവരെ വിചിത്ര സ്വഭാവത്തോടെ നേരിടുന്നവരാണിവർ. മറ്റുള്ളവരുടെ വിമർശനം ഇവർ ഇഷ്ടപ്പെടില്ല.

അടുത്ത 5 വർഷത്തെ ജ്യോതിഷഫലങ്ങൾ ഓർഡർ ചെയ്യാം..

ചിത്തിര

ചിത്തിരക്കാരായ സ്ത്രീകള്‍ സൗന്ദര്യവും ബുദ്ധിസാമര്‍ത്ഥ്യവും ഉള്ളവരാണ്. നിര്‍ഭാഗ്യം പൊതുവെ കൂടെയുള്ള ഇവര്‍ ദുരാഗ്രഹികളും മററുള്ളവരാല്‍ ബഹുമാനിക്കപ്പെടാത്തവരുമാണ്. വസ്ത്രങ്ങളോടും ആഭരണങ്ങളോടും താല്‍പര്യം കൂടുതലാണിവര്‍ക്ക്. ചിത്ര എന്നാണ് യഥാർത്ഥ നാമം. ഹിന്ദിയിൽ ചിട്ടയെന്നും പറയും. 27 നക്ഷത്രങ്ങളിൽ മധ്യത്തിൽ വരുന്ന താരമാണ് ചിത്തിര. ഇരുവശത്തുമായി 13 വീതം നക്ഷത്രങ്ങൾ കോർത്ത് ഒരു മാലയുണ്ടാക്കിയാൽ അതിലെ ലോക്കറ്റുപോലെ ശോഭിക്കുന്നതാണ് ചിത്തിര. ഏതറ്റം വരെ പോയും കാര്യങ്ങൾ സാധിക്കുവാൻ കഴിവുള്ളവരാണിവർ. കാണം വിറ്റും ഓണം ഉണ്ണുമെന്ന് നിർബന്ധം പിടിക്കുന്നവരാണിവർ. കടും പിടുത്തത്തിൻ്റെ ഭാഗമായി പലരും സ്വന്തം കിടപ്പാടം വരെ വിറ്റുതുലക്കും. ചിത്രഗുപ്തൻ്റെ നക്ഷത്രമാണ് ചിത്തിര. അദ്ദേഹത്തെ ഒരു കാര്യവും മറയ്ക്കാൻ ആർക്കും സാധ്യമല്ല. തെറ്റിന് ശിക്ഷ എന്ന നടപടിക്രമമുള്ളവരാണിവർ.

ചോതി

ചോതിക്കാരായ സ്ത്രീകള്‍ കലാവാസനയുള്ളവരാകും. പതിവ്രതകളായ ഇവര്‍ ക്ഷിപ്രസാദികളും ക്ഷിപ്രകോപികളുമാണ്. സന്താനഭാഗ്യമുള്ള ഇവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളവരുമാണ്. വാക്‌സാമര്‍ത്ഥ്യമുള്ള കൂട്ടര്‍ കൂടിയാകും, ഇവര്‍. സ്വാതി എന്നാണിവരെ വിളിക്കുന്നത്. തുലാം രാശിയുടെ എല്ലാ സ്വഭാവവും ഉള്ളവരാണിവർ. നീതിക്കുവേണ്ടി നിലകൊള്ളുന്ന ഇവർ അനീതി എവിടെ കണ്ടാലും എതിർക്കും. ഏത് ഉത്തരവാദിത്വവും സന്തോഷത്തോടെ ഏറ്റെടുക്കും. സ്വപ്രയത്നത്താൽ ഉയർച്ചയുണ്ടാകും. ജീവിതത്തിൽ സുഗഭോഗങ്ങളും ഐശ്വര്യവും അനുഭവിക്കുന്നവരാണിവർ. ഇവർ അന്യരെ ആശ്രയിക്കുകയില്ല. മറ്റുള്ളവരുടെ ദുഃഖത്തിൽ മനസ്സലിയുകയില്ല.

വിശാഖം

വിശാഖക്കാരായ സ്ത്രീകള്‍ അടക്കവും ഒതുക്കവും സൗന്ദര്യമുള്ളവരുമാണ്. നല്ല സ്ഥാനമാനങ്ങള്‍ ലഭിയ്ക്കുന്ന ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്നവരും നല്ല പെരുമാറ്റവും സ്വഭാവവും കൊണ്ട് മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റുന്ന തരക്കാരുമാകും. ഇവര്‍ ഭര്‍ത്താവിനെ ദൈവത്തെപ്പോലെ കരുതി ബഹുമാനിക്കും. സൗന്ദര്യമുള്ള വിഭാഗം കൂടിയാണ് ഈ നക്ഷത്രക്കാര്‍. വൈശാഖി എന്ന പേരുമുണ്ട്. ആഴത്തിൽ ചിന്തിച്ച് പ്രവർത്തിക്കുന്നവരാണ്. മറ്റുള്ളവരെ കൈയ്യിലെടുക്കാൻ പ്രത്യേക കഴിവാണ്. സ്വഭാവത്തിലും. രൂപത്തിലും ആകർഷണശക്തിയുണ്ട്. വൈഷ്ണവ വിശ്വാസികളായ ഇവർ വളരെ തന്മയത്വപരമായി സംസാരിക്കും. ഏത് കുതന്ത്രവും കാണിക്കും. മാതാപിതാക്കൾ ഇവരുടെ ബദ്ധശത്രുക്കളാണ്. എത്ര ഉന്നത തലത്തിലെത്തിയാലും എളിമ നിലനിർത്തും.

ആഗ്രഹസാധ്യത്തിന് ഇതിലും യോജിച്ച വഴിപാടില്ല..

അനിഴം

അനിഴം നക്ഷത്രത്തില്‍ പെട്ട സ്ത്രീകള്‍ ഗുരുഭക്തിയും ഭര്‍തൃഭക്തിയുമുള്ളവരാകും. ധാരാളം സുഹൃദ്ബന്ധത്തോടു കൂടിയ ഇവര്‍ പിണങ്ങിയാല്‍ പിന്നെ ഇണങ്ങാനാകാത്തവരും സ്വാര്‍ത്ഥരുമാണ്. തങ്ങള്‍ക്ക് അധികാരം വേണം എന്നു കരുതുന്നവരും. സുഖസൗകര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും. അനുരാധ എന്നും പേരുണ്ട്. കുടയുടെ ആകൃതിയിൽ 3 നക്ഷത്രം ചേർന്നതാണ് അനിഴം. അതികഠിന പ്രയത്നക്കാരാണ്. അതിബുദ്ധിശാലികളാണ്. മാനസിക പ്രയാസങ്ങൾ അലട്ടികൊണ്ടിരിക്കും. സൗമ്യമായി സംസാരിക്കും. സർക്കാർ ജോലി ലഭിക്കും. സ്വദേശം വെടിഞ്ഞ് താമസിക്കും. ദാമ്പത്യജീവിതം ബുദ്ധിമുട്ട് നിറഞ്ഞതാണ്.

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാരായ സ്ത്രീകള്‍ കഴിവുള്ളവരും അതേ സമയം അസൂയാലുക്കളുമാകും. ബന്ധുക്കളും അയല്‍വാസികളും ഇവര്‍ക്ക് ദോഷങ്ങളുണ്ടാക്കുന്നവരുമാണ്. മറ്റുള്ളവരില്‍ അധികാരം കാണിക്കാന്‍ കഴിയാത്തവരുമാണിവര്‍. അല്‍പം സൂത്രക്കാരികള്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന നക്ഷത്രമാണിത്. തൃക്കേട്ട എന്നും ജേഷ്ട എന്നും പേരുണ്ട്. ഒരു ദുരിതം നിറഞ്ഞ നക്ഷത്രമാണ്.

മൂലം

മൂലം നക്ഷത്രത്തില്‍ പെട്ട സ്ത്രീകള്‍ മൃദുവായ സ്വാഭാവക്കാരാണ്. ദേഷ്യപ്രകൃതമുള്ള ഇവര്‍ തങ്ങളുടെ പങ്കാളിയെ അങ്ങേയറ്റം സ്‌നേഹിയ്ക്കുന്ന പ്രകൃതവുമാണ്. ആവശ്യമില്ലാതെ അഭിപ്രായം പറയുന്ന സ്വാഭാവവും ഇവര്‍ക്കുണ്ട്. ദൈവ വിശ്വാസം കൂടുതലുളളവര്‍ കൂടിയാണ് ഈ നക്ഷത്രക്കാരായ സ്ത്രീകള്‍. ഗൗരവക്കാരായിരിക്കെതന്നെ അന്യരെ പരിഹസിക്കുകയും, കഴിവും അസാമാന്യ സ്വതന്ത്ര ബുദ്ധി പ്രകടിപ്പിക്കുന്നവരാണിവർ. ധനികരായി മാറും. ലോകോപകാരികളാണെങ്കിലും ഇവരുടെ ജീവിതത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇവരെ വിശ്വസിക്കാൻ പാടില്ല.

പൂരാടം

പൂരാടം നക്ഷത്രത്തല്‍ ജനിച്ച സ്ത്രീകള്‍ നല്ല വിദ്യാഭ്യാസമുള്ളവരായിരിക്കും, തൊഴില്‍ നേട്ടങ്ങളുള്ളവരാകും. അടുക്കും ചിട്ടയുമുള്ള ഇവര്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്, ആത്മവിശ്വാസമുള്ളവരുമാണ്. ദയയും സത്യസന്ധതയുമുള്ള ഇവര്‍ മുതിര്‍ന്നവരോട് ബഹുമാനത്തോടെ പെരുമാറുകയും ചെയ്യും. ഇവർക്ക് പ്രത്യേക ആകർഷണശക്തിയുണ്ടായിരിക്കും. സംസാരിച്ച് ആൾക്കാരെ വശീകരിക്കാൻ അസാമാന്യ കഴിവുണ്ട്. മറ്റുള്ളവരെ സഹായിക്കുക ഇവരുടെ ഹരമാണ്. അമിതമായ അഭിമാനബോധം കാര്യങ്ങൾ നേടാൻ ഇവര്‍ക്ക് വിലങ്ങുതടിയാകും. ദാമ്പത്യം തൃപ്തികരമായിരിക്കില്ല.

ഉത്രാടം

നല്ല ശുദ്ധമായ മനസുള്ളവരാണ് ഉത്രാടക്കാരായ സ്ത്രീകള്‍. എന്നാല്‍ വാക്പ്രശ്‌നങ്ങള്‍ കൊണ്ട് ഭര്‍ത്താവുമായി കലഹിയ്ക്കാനും കുട്ടികളില്‍ നിന്നും അകന്നു കഴിയാനും സാധ്യതയുള്ളവരുമാണ്. ഇവര്‍ക്കു പൊതുവേ കുടുംബ സ്വത്ത് അനുഭവിയ്ക്കാന്‍ യോഗമുണ്ടാകുകയും ചെയ്യും. ഉത്തര ആഷാഢം എന്നാണു മുഴുവൻ പേര്. വലിയ നിഷ്ടക്കാരായിരിക്കും. എടുത്ത തീരുമാനങ്ങൾ കടുകിട വ്യതിചലിക്കുകയില്ല. ഈ കടുംപിടുത്തം പലപ്പോഴും കുടുംബജീവിതത്തിലും സുഹൃദ് ബന്ധത്തിലും വിള്ളൽ സൃഷ്ടിക്കും. കാര്യങ്ങൾ നടത്തിയെടുക്കുന്നതിൽ ഒരു പ്രത്യേക കഴിവുണ്ട്. എളിയ നിലയിൽ നിന്നും പ്രവർത്തനം ആരംഭിച്ച് ഉയരത്തിലേക്ക് പോകുന്ന ശൈലിയാണിവർക്ക്.

തിരുവോണം

തിരുവോണം നക്ഷത്രക്കാരായ സ്ത്രീകൾ വ്യക്തിത്വവും കുലമഹിമയും സല്‍സ്വഭാവവും ഉള്ളവരായിരിക്കും,നല്ല ഭര്‍ത്താവും കുടുംബസുഖവും ലഭിയ്ക്കുന്നവരാണ് തിരുവോണം നക്ഷത്രക്കാരായ സ്ത്രീകള്‍. കുട്ടികളുടെ ഉയര്‍ച്ചയില്‍ പ്രത്യേക താല്‍പര്യം വയ്ക്കും. ദാനധര്‍മ്മങ്ങളില്‍ താല്‍പര്യമുള്ള സ്ത്രീ നക്ഷത്രം കൂടിയാണ് ഇത്. ശ്രാവണമെന്നും പേരുണ്ട്. അസാധാരണ കുലീനത്വം ഉണ്ടായിരിക്കും. ദേഹത്ത് വ്യക്തമായ കറുത്ത മറുക് ഉണ്ടായിരിക്കും, ഈശ്വരഭക്തരായ ഇവര്‍ പൊതുവെ ഭാഗ്യദോഷികളാണ്. അന്ധമായി വിശ്വസിക്കുന്നതു കാരണം ധനനഷ്ടത്തിനിടവരും. ഒരാദർശത്തിൽ വിശ്വസിച്ചാൽ അതിൽ നിന്നും പിന്തിരിക്കാൻ ബുദ്ധിമുട്ടാണ്. ഉത്തമ ജീവിത പങ്കാളി, ഉറച്ച കുടുംബബന്ധം, എന്നിവ ഇവര്‍ക്ക് ലഭിക്കും. പൊതുരംഗത്ത് ശോഭിക്കാൻ കഴിയും.

അവിട്ടം

അവിട്ടം നാളിലെ സ്ത്രീകള്‍ക്ക് ധൈര്യം പൊതുവെ കൂടുതലാകും. സത്യസന്ധതയും വിനയമുള്ളവരുമായ ഇവര്‍ നല്ല രീതിയില്‍ കുടുംബം നയിക്കുന്നവരുമാണ്. മറ്റുള്ളവരെ കണ്ണടച്ചു വിശ്വസിക്കുന്നതു കൊണ്ടുതന്നെ പലപ്പോഴും അപകടങ്ങളില്‍ ചെന്നു വീഴുകയും ചെയ്യും. ഇതു കൊണ്ടു തന്നെ സത്യം വെട്ടിത്തുറന്നു പറയുകയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും. ധനുഷ്ട എന്നാണ് ശരിയായ നാമം. തന്നിഷ്ടക്കാരായിരിക്കും. ആയതിനാൽ അബദ്ധത്തിൽ ചെന്നുചാടും. അതിൽ നിന്നും കരകയറാൻ സാധിക്കില്ല. ഇഷ്ടജനസഹായം ലഭിക്കും. ഭക്ഷണപ്രിയരായ ഇവർക്ക് ഭക്ഷണത്തിൽ നിന്നുള്ള രോഗദുരിതങ്ങൾ അലട്ടികൊണ്ടിരിക്കും.

ചതയം

ചതയം നക്ഷത്രക്കാര്‍ക്കു പെട്ടെന്നു ദേഷ്യം വരുമെങ്കിലും ലാളിത്യമുള്ളവരും മറ്റുള്ളവരോടു കരുണയുള്ളവരുമാകും. ദൈവവിശ്വാസമുള്ളവരുമാണിവര്‍. ജീവിതത്തിലെ സുഖ സൗകര്യങ്ങള്‍ അനുഭവിയ്ക്കാന്‍ യോഗമുള്ളവര്‍ കൂടിയാണ് ഇവര്‍. ജീവിതത്തിൽ ഉയർച്ച കുറവാണ്. പഠനം കുറവെങ്കിൽ തന്നെയും അപാര ബുദ്ധിരാക്ഷസരായ ഇവർ സ്വന്തം കാര്യം നേടിയെടുക്കാൻ സമർത്ഥരാണ്. ഇഷ്ടമുള്ള കാര്യം നടത്താൻ ആശയങ്ങളെ അടിച്ചേൽപ്പിച്ച് അനുസരിപ്പിക്കുന്നതാണ്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നവരായതിനാൽ അന്യരുടെ വെറുപ്പിന് പാത്രമാകും. വിവാഹജീവിതം മോശമായിരിക്കും. ജീവിതപങ്കാളിയേയും മക്കളേയും വരച്ച വരയിൽ നിർത്തും. കുലീനത്വം പുലർത്തുന്ന സ്വഭാവമായിരിക്കും.

ALSO READ: ദിവസഫലം അറിയാം…

പുരൂരുട്ടാതി

പൂരുരുട്ടാതി നക്ഷത്രത്തില്‍ പെട്ട സ്ത്രീകള്‍ പൊതുവെ തൻ്റേടികളാണ്. നല്ല കുടുംബജീവിതം നയിക്കാന്‍ ഭാഗ്യമുള്ള ഇവര്‍ സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമാകും. എടുത്തടിച്ചു സംസാരിയ്ക്കുന്നതു കൊണ്ട് ശത്രുക്കളുണ്ടാകാനും സാധ്യതയുണ്ട്. സ്വന്തം പരിശ്രമം കൊണ്ടു പണമുണ്ടാക്കുന്നവരുമാണ്. മോശമായാൽ അങ്ങേയറ്റം മോശം. കാര്യങ്ങൾ നന്നായി ചിന്തിച്ചിട്ടേ പ്രവർത്തിക്കൂ. ഏത് തൊഴിലിലേർപ്പെട്ടാലും വ്യക്തിമുദ്ര പതിപ്പിക്കും. നിയമങ്ങളനുസരിക്കാനും അത് പാലിക്കാനും തികഞ്ഞ നിഷ്ഠ കാണിക്കുന്നവരാണിവർ. സഹപ്രവർത്തകരുടെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് മുതലെടുക്കുന്നവരാണിവർ.

ഉത്രട്ടാതി

ഉത്രട്ടാതി വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ മാന്യതയുള്ളവരാകും. ഈശ്വരവിശ്വാസികളും ലളിതജീവിതം നയിക്കുന്നവരുമാകും ഇവര്‍. മറ്റുള്ളവരെ സഹായിക്കാന്‍ വിശാലമനസ് കാണിക്കും. കാര്യസാധ്യത്തിന് മുൻതൂക്കം നൽകുന്ന ഇവർ മികച്ച ഭരണാധികാരികളായിത്തീരും. സ്വന്തം കാര്യസാധ്യത്തിനായി കള്ളങ്ങളും, കളവുകളും പ്രയോഗിക്കും. അനീതി എവിടെയും കാട്ടും. ജീവിതപങ്കാളിയോട് അങ്ങേയറ്റം ആത്മാർത്ഥത പുലർത്തുന്ന ഇവർ സന്താനത്തെയും മറ്റുള്ളവരെയും വരച്ചവരയിൽ നിർത്തും.

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് സൗന്ദര്യവും ദൈവവിശ്വാസവും അതേ സമയം അന്ധവിശ്വാസവുമുണ്ടാകും. നല്ല ചിന്തയുള്ള ഇവര്‍ സത്യസന്ധരുമാണ്. സ്വന്തം വീട്ടിലും ഭര്‍തൃ വീട്ടിലും ഒരുപോലെ ഭാഗ്യം നല്‍കുന്നവരുമാണ് രേവതി നക്ഷത്രക്കാര്‍. വിചാരത്തേക്കാൾ വികാരത്തിന് വിലകൊടുക്കുന്നവരാണിവർ. അതിനാൽതന്നെ നിസ്സാരകാര്യങ്ങളിൽ പോലും സ്വജനങ്ങളുമായി പിണങ്ങാനും അവരുടെ പിന്തുണ നഷ്ടപ്പെടാനുമിടവരും. സ്വന്തം കാര്യം സിന്ദാബാദ് എന്നാണ് ഇവരുടെ നയം മറ്റുള്ളവരെ ദുഷിക്കുന്ന സ്വഭാവമുണ്ടായിരിക്കും. ജീവിതത്തിൽ വഴി വിട്ടാൽ തിരിച്ചുവരാൻ പ്രയാസമാണ്. പെട്ടെന്നുള്ള സ്വഭാവമാറ്റത്താൽ ഇവരുടെ പെരുമാറ്റം മനസ്സിലാക്കാൻ സാധ്യമല്ല.


Share this Post
Focus